

ന്യൂഡല്‍ഹി: പ്രതികള്‍ക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. വിചാരണക്കോടതി ശിക്ഷ ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കിരണ്‍ വേഴ്‌സസ് ദി സ്റ്റേറ്റ് ഓഫ് കര്‍ണാടക എന്ന കേസിലാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ജീവപര്യന്തം തടവ് എന്നതിന്റെ അര്‍ഥം ജീവിതാവസാനംവരെ എന്നാണെങ്കിലും അത് ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവയ്ക്കും സിആര്‍പിസി ചട്ടത്തിനും വിധേയമായ ഇളവിന്റെ ആനുകൂല്യത്തോടെ മാത്രമേ വിധിക്കാനാകൂ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ 25 മുതല്‍ 30 വര്‍ഷംവരെയോ അല്ലെങ്കില്‍ ജീവിതാന്ത്യംവരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാല്‍, 14 വര്‍ഷത്തിനുമുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
2014 ജനുവരി 1ന് അഞ്ച് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. ശാരീരിക ബന്ധം സ്ത്രീ എതിര്‍ത്തതോടെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60% പൊള്ളലേറ്റ സ്ത്രീ പത്ത് ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് വിചാരണ കോടതി വിധിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു, സ്വാഭാവിക ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നു നിരീക്ഷിച്ച വിചാരണ കോടതി സിആര്‍പിസി സെക്ഷന്‍ 428 പ്രകാരമുള്ള ആനുകൂല്യം പ്രതിക്ക് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയുടെ ശിക്ഷ 14 വര്‍ഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates