

മുംബൈ: കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി തുടരുന്ന മഴ കനത്ത നാശം വിതച്ചു. ആറ് പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. നൂറ് കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത 48 മണിക്കൂര്‍ മുംബൈ, താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍ക്ക് നിര്‍ണായകമായിരിക്കുമെന്നും ഈ ജില്ലകള്‍ അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി മുഴുവന്‍ കനത്ത മഴ തുടര്‍ന്നതിനാല്‍ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മഴയേത്തുടര്‍ന്ന് നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങള്‍ ഒഴികേയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കുന്ന ബോംബെ ഹൈക്കോടതി കനത്ത മഴ കാരണം 12.30 വരെ മാത്രമാണ് പ്രവര്‍ത്തിച്ചത്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ നരസഭയുടെ ബസ് സര്‍വീസുകള്‍ പലതും റൂട്ടുകള്‍ മാറ്റിയാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനെയും ബാധിച്ചിട്ടുണ്ട്.
മുംബൈയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. താനെ, പാല്‍ഘഡ്, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയുടെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു, കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ വിക്രോളിയില്‍ 255.5 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ അറിയിച്ചു. രണ്ട് ദിവസത്തിനിടെ മഴക്കെടുതിയില്‍ ആറ് പേര്‍ മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates