CPM party congress: എംഎ ബേബിക്ക് സാധ്യത? സിപിഎം ജനറൽ സെക്രട്ടറിയെ ഇന്നറിയാം

പിണറായി വിജയൻ ഒഴികെ മറ്റാർക്കും പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനം
M A Baby frontrunner for CPM top post
പാർട്ടി കോൺ​ഗ്രസിൽ സംസാരിക്കുന്ന എംഎ ബേബിഫെയ്സ്ബുക്ക്
Updated on
2 min read

മധുര: സിപിഎമ്മിന്റെ ആറാമത്തെ ജനറൽ സെക്രട്ടറി ആരാകുമെന്ന് ഇന്നറിയാം. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ മണിക്കൂറുകൾ മാത്രം നിൽക്കെ കേരളത്തിൽ നിന്നുള്ള എംഎ ബേബിയാണ് സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അടുത്ത മൂന്ന് വർഷത്തേക്ക് പാർട്ടിയെ ആര് നയിക്കണമെന്നു തീരുമാനിക്കാനുള്ള പോളിറ്റ് ബ്യൂറോ യോ​ഗം ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. യോ​ഗം ബേബിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കാമെന്ന പൊതു ധാരണയിൽ എത്തിയതായി സൂചനയുണ്ട്. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് ബേബിയുടെ പേര് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

പ്രകാശ് കാരാട്ടിന്റേയും കേരള ഘടകത്തിന്റേയും പിന്തുണ ബേബിക്കുണ്ട്. അദ്ദേഹം വളരെക്കാലമായി ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്നതും അനുകൂല ഘടകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ബേബി തെരഞ്ഞെടുക്കപ്പെട്ടാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള സിപിഎമ്മിൽ നിന്ന് ജനറൽ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവായി അ​ദ്ദേഹം മാറും.

71കാരനായ ബേബിയെ തെരഞ്ഞെടുക്കുന്നതിലേക്ക് എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്‍ലെയുടെ പേരും പരിഗണനയിൽ തന്നെയുണ്ട്. ഹിന്ദി മേഖലയിൽ നിന്നുള്ള ഒരു വിഭാഗം നേതാക്കളും പശ്ചിമ ബംഗാളിൽ നിന്നുള്ള കുറച്ചു പേരും കർഷക നേതാവും 72 കാരനുമായ അശോക് ധാവ്‍ലെയെ പിന്തുണയ്ക്കുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷനു ഒരു ദേശീയ വ്യക്തിത്വമുണ്ടെന്നാണ് പിന്തുണയ്ക്കുന്നവർ മുന്നോട്ടു വയ്ക്കുന്ന വാദം. ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ അറിവും ഹിന്ദി സംസാരിക്കുന്ന സഖാക്കൾക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയങ്കരനാക്കുന്നു.

ആന്ധ്രാപ്രദേശിൽ നിന്നുള്ള ബിവി രാഘവുലുവിന്റെ പേരും നേരത്തെ സാധ്യതകളിൽ ഉയർന്നു കേട്ടിരുന്നു. പിബിയിലെ ഏറ്റവും മുതിർന്ന ആളാണെങ്കിലും, അദ്ദേഹം ഉന്നത സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നു.

2015ൽ വിശാഖപട്ടണത്ത് നടന്ന 21ാം പാർട്ടി കോൺഗ്രസിലാണ് സി‌പി‌എം അവസാനമായി പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അന്ന് എസ് രാമചന്ദ്രൻ പിള്ളയും സീതാറാം യെച്ചൂരിയും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു. ഫോട്ടോ ഫിനിഷിലാണ് യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ അത്ര ശക്തമായ മത്സരമില്ല.

ഇന്ന് രാവിലെ ജനറൽ സെക്രട്ടറിയെക്കുറിച്ച് പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ബേബി പറഞ്ഞു. ശനിയാഴ്ചത്തെ പി‌ബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബേബി ഇക്കാര്യം പറഞ്ഞത്.

അതേസമയം പിണറായി വിജയൻ ഒഴികെ മറ്റാർക്കും പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്ന് പിബി യോഗം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. പിണറായിക്ക് വീണ്ടും കാലാവധി നീട്ടി നൽകുന്നതിനെക്കുറിച്ച് ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കും. പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പിബി അംഗങ്ങളെയും കുറിച്ചുള്ള തീരുമാനവും യോഗത്തിൽ കൈക്കൊള്ളും.

പിബിയിൽ എട്ട് ഒഴിവുകളിൽ പിണറായിക്ക് കാലാവധി നീട്ടി നൽകുമെന്ന് ഏതാണ്ട് ഉറപ്പാണ്. മണിക് സർക്കാർ, ബൃന്ദ കാരാട്ട് അടക്കമുള്ള മറ്റ് ചില നേതാക്കൾക്ക് പ്രായപരിധിയിൽ നിന്ന് ഇളവ് നൽകണമെന്നു ചില കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. പ്രായ മാനദണ്ഡങ്ങൾ കാരണം ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരേയും സിസിയിലെ പ്രത്യേക ക്ഷണിതാക്കളായി നിലനിർത്തും. പിണറായിക്ക് ഇളവ് ലഭിച്ചാൽ ഏഴ് ഒഴിവുകളായിരിക്കും പിബിയിൽ. രണ്ട് വനിതാ നേതാക്കൾ പ്രായപരിധി മറികടക്കുന്നതിനാൽ മറ്റ് രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തും. കെ ഹേമലത, യു വാസുകി, മറിയം ധാവ്‍ലെ, കെകെ ശൈലജ എന്നിവരിൽ രണ്ട് പേരായിരിക്കും പുതിയതായി എത്തുക. ത്രിപുരയിൽ നിന്നുള്ള വിജു കൃഷ്ണൻ, അരുൺ കുമാർ, ജിതേന്ദ്ര ചൗധരി, പശ്ചിമ ബംഗാളിൽ നിന്നുള്ള ശ്രീദീപ് ഭട്ടാചാര്യ അല്ലെങ്കിൽ സുജൻ ചക്രവർത്തി എന്നിവരും പരിഗണനയിലുണ്ട്.

കേരളത്തിന് പിബിയിൽ ഒരു സ്ഥാനം കൂടി ലഭിച്ചാൽ ഇപി ജയരാജനെയോ കെ രാധാകൃഷ്ണനെയോ പരിഗണിക്കും. വി ശ്രീനിവാസ റാവു, അഭാസ് ​​റോയ് ചൗധരി, കെ ബാലകൃഷ്ണൻ, ഷാമിക് ലാഹിരി എന്നിവരും പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരിൽ ചിലരാണ്.

കേന്ദ്ര കമ്മിറ്റിയിലേക്ക് പരി​ഗണിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പികെ ബിജു, ദിനേശൻ പുത്തലത്ത്, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ മലബാറിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവ് പികെ സൈനബ എന്നിവരാണ് കേന്ദ്ര കമ്മിറ്റി ഒഴിവുകളിലേക്ക് പരി​ഗണിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ. മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളുമായ മുഹമ്മദ് റിയാസ്, വിഎൻ വാസവൻ, എംബി രാജേഷ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി കെകെ രാഗേഷ്, ജെ മേഴ്സിക്കുട്ടി അമ്മ, ടിഎൻ സീമ എന്നിവരും പരിഗണനയിലുണ്ട്.

നിലവിൽ കേന്ദ്ര കമ്മിറ്റിയിൽ മൂന്ന് ഒഴിവുകളുണ്ട്. പ്രായപരിധി അനുസരിച്ച് എകെ ബാലൻ, പികെ ശ്രീമതി എന്നിവരെ സിസിയിൽ നിന്ന് ഒഴിവാക്കും. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുള്ള ഒരൊഴിവും നിലവിലുണ്ട്. കേരള ഘടകത്തിന്റെ ശക്തി കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്ത് നിന്നുള്ള കൂടുതൽ നേതാക്കളെ സിസിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com