ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 31 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. മതപരമായ കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. ഇന്നത്തെ മകര സംക്രാന്തി ആഘോഷങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.
രാജ്യത്ത് മൂന്നാം തരംഗം രൂക്ഷം
മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ രാജ്യത്ത് ഇന്നലെ 2.64,202 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമാണ്. ഇന്നലെ 1,09,345 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ അരലക്ഷത്തോളം രോഗികള്‍
മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 46,406 പേര്‍ക്കാണ് രോഗബാധ. 34,658 പേര്‍ രോഗുമക്തരായി. 36 പേര്‍ മരിച്ചു. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ രോഗികള്‍. മുംബൈയില്‍ 13,702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 95,123 ആയി.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിദിന രോഗികളില്‍ ഡല്‍ഹിയാണ് കൂടുതല്‍. ഡല്‍ഹിയില്‍ 28,867 പേര്‍ക്കാണ് വൈറസ് ബാധ. 22,121 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 31 പേര്‍ മരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 94,160 ആയി.
തമിഴ്‌നാട്ടില്‍ 20,000 കടന്നു
തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 20,911 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 8218 പേര്‍ക്കാണു രോഗബാധ. ഇന്നലെ മാത്രം 25 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ടിനാണു പ്രതിദിന രോഗികളുടെ എണ്ണം 10,000 കടന്നത്. 5 ദിവസത്തിനുള്ളില്‍ 20,000 കടന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1.54 ലക്ഷം പരിശോധനകളാണു നടത്തിയത്. നിലവില്‍ രാത്രി കര്‍ഫ്യൂ, ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ എന്നീ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.
ബംഗാളില്‍ 23,467 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 32 കടന്നു.
കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 25,005 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഉള്ളത് ബംഗളൂരുവില്‍ ആണ്. അവിടെ മാത്രം 18,374 രോഗികളാണ് ഉള്ളത്.
ഗോവയിലും കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 3,728 പേര്‍ക്കാണ് വൈറസ് ബാധ. 4 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 16,887 ആയി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates