

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്.
അതിനിടെ മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കുണ്ട്. മധ്യപ്രദേശിലെ ഛട്ടാപുരിലാണ് അപകടം. മണ്ണിടിച്ചിലിനെ തുടർന്നു അമർനാഥ് യാത്ര നിർത്തിവച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലും വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്നു വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും കാറുകളടക്കമുള്ള വാഹനങ്ങൾ മുങ്ങി. വിവിധ ജില്ലകളിൽ നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആനന്ദ് നഗർ ഗ്രാമത്തിൽ കനത്ത വെള്ളപ്പൊക്കത്തെ തുടർന്നു ജനങ്ങളെ സുരക്ഷിതമായി മാറ്റാൻ വ്യോമസേന രംഗത്തിറങ്ങി. മുംബൈയിലടക്കം ശക്തമായ മഴയാണ് ഇപ്പോഴും.
ഉത്തർപ്രദേശിലും കനത്ത മഴയിൽ വാഹനങ്ങളടക്കം മുങ്ങി. യുപിയിൽ കോട്ടവാലി നദി കര കവിഞ്ഞൊഴുകിയതോടെ ബിജ്‌നോറിലടക്കം റോഡിൽ വെള്ളം കയറി. യുപി ട്രാൻസ്‌പോർട്ട് ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതോടെ യാത്രക്കാരെ മുഴുവൻ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതരായി മാറ്റിയത്.
നേയിഡയിലെ ഹിൻഡൻ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചതായും നിലവിൽ സ്ഥിതി സാധാരണമാണെന്നും പൊലീസ് വ്യക്തമാക്കി. ജലനിരപ്പ് നിരീക്ഷിക്കുകയാണെന്നും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം നിലനിൽക്കുന്നു. ജുനഗഢിൽ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates