ചെന്നൈ: പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വരുമാനവും ഭൂമിയും സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചുവെന്ന വോട്ടറുടെ ആരോപണം വിചാരണയിലൂടെ മാത്രം പരിശോധിക്കേണ്ട വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് മുന്നോട്ട് കൊണ്ടുപോകാൻ മതിയായ വസ്തുതകളില്ലെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, തെരഞ്ഞെടുപ്പ് ഹർജിയിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകി.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശ് ആണ് വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സാമ്പത്തിക വെളിപ്പെടുത്തലുകളിൽ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം.
എന്നാൽ, സത്യവാങ്മൂലത്തിലെ ചെറിയ പിഴവുകൾ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു വിജയ്യുടെ വാദം. ഹർജിക്കാരൻ മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 81 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിജയ് വാദിച്ചിരുന്നു.
വാദത്തിനിടെ, 30 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത് തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കാനാകുമോ എന്ന് കോടതി ഹർജിക്കാരനോട് ആരാഞ്ഞിരുന്നു. 600 കോടിയോ അതിലധികമോ ആസ്തിയുള്ള ഒരാളുടെ കാര്യത്തിൽ ഇത് വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്നും കോടതി ചോദിച്ചു.
എന്നാൽ, സ്വത്ത് വിവരങ്ങൾ മറച്ചുവെക്കുന്നത് നേരിട്ടായാലും അല്ലാതെയായാലും വോട്ടർമാരെ സ്വാധീനിക്കുന്നതിന് തുല്യമാണെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അശോക് വാദിച്ചു. വിവരങ്ങൾ മറച്ചുവെച്ചത് മനഃപൂർവ്വമാണോ അല്ലയോ എന്നത് വിചാരണ വേളയിലാണ് തീരുമാനിക്കേണ്ടതെന്നും, ക്രിമിനൽ പശ്ചാത്തലം മറച്ചുവെക്കുന്നതിന് തുല്യമായി തന്നെ ഇതിനെയും കാണണമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സർക്കാർ പുറമ്പോക്ക് ഭൂമി സ്വന്തം ആസ്തിയായി വിജയ് കാണിച്ചുവെന്ന ആരോപണവും ഹർജിക്കാരൻ ഉന്നയിച്ചു. ഈ ഭൂമിയുടെ ആധാരം ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, ആധാരത്തിന്റെ ആധികാരികത വിചാരണയിലൂടെ മാത്രമേ തെളിയിക്കാനാകൂ എന്ന് അഭിഭാഷകൻ മറുപടി നൽകി.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് വരണാധികാരിക്ക് 24 മണിക്കൂറിനുള്ളിൽ വിശദമായ അന്വേഷണം നടത്താൻ കഴിയില്ലെന്നും, അതിനാൽ അന്ന് ആരും എതിർപ്പ് ഉന്നയിച്ചില്ല എന്നത് തെരഞ്ഞെടുപ്പ് ഹർജിക്ക് തടസ്സമല്ലെന്നും ഹർജിക്കാരൻ വാദിച്ചു. വിജയ് സമ്പന്നനാണെന്ന് വോട്ടർമാർക്ക് അറിയാമെന്നതിനാൽ ചില സ്വത്തുക്കൾ വെളിപ്പെടുത്താത്തത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന വിജയ്യുടെ വാദം തള്ളിയാണ് കോടതി കേസ് വിചാരണയ്ക്ക് വിടാൻ തീരുമാനിച്ചത്.
അതേസമയം, മുഖ്യമന്ത്രി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി (ഈസ്റ്റ്) നിയമസഭാ മണ്ഡലത്തിലും, വിരാലിമലൈ, കരൂർ എന്നീ മണ്ഡലങ്ങളിലും നിലവിലുള്ള തെരഞ്ഞെടുപ്പ് ഹർജികളിൽ തീരുമാനമാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. എന്നാൽ, അംബാസമുദ്രം, പെരുന്തുറൈ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates