

ചെന്നൈ: മധുരയിലെ ടാറ്റ തനിഷ്‌ക് (Tata Tanishq) ജ്വല്ലറി ഷോറൂമില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രധാന പ്രതിയുടെ പിതാവും, പ്രതിയുടെ കാമുകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ യുവതിയും അറസ്റ്റില്‍. പ്രതിയുടെ പിതാവ് വി സുരേഷ് (53), കാമുകി എം. മീനാക്ഷി (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളില്‍ ഏകദേശം 5 കിലോയോളം പൊലീസ് കണ്ടെടുത്തു.
കവര്‍ച്ച ആസൂത്രണം ചെയ്യുന്നതില്‍ യുവതിക്ക് പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രധാന പ്രതി എസ് നിഷാന്തിനെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘങ്ങള്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മധുര കമ്മീഷണര്‍ എന്‍. രാജേന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നിഷാന്തിനെ പിടികൂടിയാല്‍ മാത്രമേ കവര്‍ച്ചയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി (സൗത്ത്) എ ജി ഇനികോ ദിവ്യന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കവര്‍ച്ചയ്ക്ക് മുമ്പ് പ്രതി പലതവണ ഷോറൂം സന്ദര്‍ശിച്ചു
കവര്‍ച്ചയ്ക്ക് മുമ്പായി നിഷാന്ത് പല തവണ ഷോറൂം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു. നവംബര്‍ 12-ന് രാവിലെ 9.30-ഓടെ ഷോറൂം ജീവനക്കാര്‍ നാല് നില കെട്ടിടത്തിന്റെ ഒന്നാം നില തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. റാക്കുകള്‍ തകര്‍ത്ത നിലയിലായിരുന്നു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് എസ് എസ് കോളനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കവര്‍ച്ചയ്ക്ക് ശേഷം മുഖ്യ പ്രതി നിഷാന്ത്, പിതാവ് സുരേഷ്, കാമുകി മീനാക്ഷി എന്നിവരുടെ സഹായത്തോടെയാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതിയുടെ വസ്ത്രങ്ങളും മറ്റ് തെളിവുകളും നശിപ്പിക്കാന്‍ സുരേഷ് സഹായിച്ചു. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതില്‍ മീനാക്ഷി നിര്‍ണായക പങ്ക് വഹിച്ചതായി പോലീസ് പറയുന്നു. നിഷാന്തിന്റെ കുടുംബാംഗങ്ങളെ അടക്കം പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ആദ്യം 23 കിലോയോളം ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 11 കിലോയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. 10 കിലോ സ്വര്‍ണ്ണാഭരണങ്ങളും ഒരു കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടമായത്. മോഷ്ടിച്ചതില്‍ 5 കിലോ ആഭരണങ്ങള്‍ നിഷാന്ത് മഡകുളം കണ്‍മോയിയില്‍ (ജലസംഭരണി) കുഴിച്ചിട്ടിരുന്നു. ശനിയാഴ്ച വൈകീട്ട് പൊലീസ് ഇതു കണ്ടെടുത്തിട്ടുണ്ട്.
സുരേഷിനെയും മീനാക്ഷിയെയും വൈദ്യപരിശോധനയ്ക്കായി ഗവണ്‍മെന്റ് രാജാജി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കവര്‍ച്ചയില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി. കവര്‍ച്ച നടക്കുന്നതിന്റെ 10 ദിവസം മുമ്പാണ് ജ്വല്ലറി തുറന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണ് വന്‍ കവര്‍ച്ചയുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates