ഒഴുകിയെത്തിയത് 40 ലക്ഷത്തിലധികം തീര്‍ഥാടകര്‍, മഹാ കുംഭമേളയ്ക്ക് തുടക്കം; സുരക്ഷയ്ക്ക് അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, എഐ കാമറകള്‍

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനത്തിനായി ഭക്തര്‍ ഒഴുകിയെത്തിയതോടെ, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മഹാ കുംഭമേളയ്ക്ക് തുടക്കമായി
Mahakumbh 2025
ത്രിവേണി ​സം​ഗമ ഭൂമിയിൽ ശംഖ് ഊതുന്ന ഭക്തൻപിടിഐ
Updated on
2 min read

ലഖ്‌നൗ: ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനത്തിനായി ഭക്തര്‍ ഒഴുകിയെത്തിയതോടെ, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മഹാ കുംഭമേളയ്ക്ക് ഉജ്ജ്വല തുടക്കം. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് വെളിയില്‍ നിന്നും എത്തിയ 40 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഏറെ പുണ്യമായി കരുതുന്ന'ഷാഹി സ്‌നാന്‍' കര്‍മ്മം നിര്‍വഹിച്ചു.

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 45 ദിവസത്തെ മഹാ കുംഭമേളയില്‍ ഏകദേശം 45 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ആത്മീയ പാരമ്പര്യവും ഇത് പ്രദര്‍ശിപ്പിക്കും. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയാണിത്. മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി വന്‍ സുരക്ഷാക്രമീകരണമാണ് ഉത്തര്‍പ്രദേശ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

സ്‌നാനം നടത്തുന്ന പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിനായി നഗരത്തിലുടനീളം 100 മീറ്റര്‍ വരെ ആഴത്തിലേക്ക് ഡൈവ് ചെയ്യാന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ആകാശ നിരീക്ഷണത്തിനായി 120 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന റ്റെതേര്‍ഡ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ഇത് ജനക്കൂട്ടത്തെയോ മെഡിക്കല്‍ അല്ലെങ്കില്‍ സുരക്ഷാ ഇടപെടല്‍ ആവശ്യമുള്ള പ്രദേശങ്ങളെയോ തിരിച്ചറിയുന്നതിന് സഹായിക്കും.

തത്സമയ നിരീക്ഷണവും മുഖം തിരിച്ചറിയലും സാധ്യമാക്കുന്ന കുറഞ്ഞത് 2700 കാമറകളാണ് എന്‍ട്രി പോയിന്റുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, 56 സൈബര്‍ യോദ്ധാക്കളുടെ ഒരു സംഘം ഓണ്‍ലൈന്‍ ഭീഷണികള്‍ നിരീക്ഷിക്കും. കൂടാതെ നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Maha Kumbh 2025 Begins

തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ 150,000 ടെന്റുകള്‍, അധിക ടോയ്ലറ്റുകള്‍, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞത് 4,50,000 പുതിയ വൈദ്യുതി കണക്ഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭക്തര്‍ക്കായി നിരവധി ഇലക്ട്രിക് ബസുകളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉത്സവകാലത്ത് 3,300 യാത്രകള്‍ നടത്തുന്ന 98 പ്രത്യേക ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, നഗരത്തില്‍ 92 റോഡുകളുടെ നവീകരണം, 30 പാലങ്ങളുടെ നിര്‍മ്മാണം, 800 ബഹുഭാഷാ സൈനേജുകള്‍ സ്ഥാപിക്കല്‍ എന്നിവ അധികൃതര്‍ ഏറ്റെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ, രോഗനിര്‍ണയ സൗകര്യങ്ങളുള്ള താല്‍ക്കാലിക ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്.

ചാറ്റ്‌ബോട്ട്

ഭക്തര്‍ക്ക് തത്സമയ മാര്‍ഗ്ഗനിര്‍ദ്ദേശവും അപ്ഡേറ്റുകളും നല്‍കുന്നതിനായി കുംഭ സഹ് എഐ യാക് ചാറ്റ്‌ബോട്ട് ഒരുക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഭക്തര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കരുതുന്നു.

ചടങ്ങുകള്‍

ഇന്നത്തെ പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. ജനുവരി 14, 29, ഫെബ്രുവരി 3, ഫെബ്രുവരി 12 ന് ഫെബ്രുവരി 26 ദിവസങ്ങളിലാണ് പ്രധാന സ്നാനങ്ങള്‍ നടക്കുക. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധര്‍മത്തിന്റെ മഹത്വം തിരിച്ചറിയാന്‍ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തിലാണ് സ്നാന ഘാട്ടുകള്‍ തയാറാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com