
ഹൈദരാബാദ്: മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയ ഹോട്ടല്‍ നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയതിന് നടന്മാരും ബന്ധുക്കളുമായ വെങ്കിടേഷ് ദഗുബതിക്കും റാണ ദഗുബതിക്കും മറ്റു രണ്ടു കുടുംബാംഗങ്ങള്‍ക്കുമെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. വെങ്കിടേഷിന്റെ അനന്തരവന്‍ ആണ് റാണ ദഗുബതി. റാണയുടെ പിതാവും സിനിമാ നിര്‍മാതാവുമായ സുരേഷ്, മറ്റൊരു നിര്‍മാതാവ് കൂടിയായ വെങ്കിടേഷിന്റെ സഹോദരന്‍ അഭിറാം എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റു രണ്ടുപേര്‍.
ദഗുബതി കുടുംബം ഫിലിം നഗറിലെ അവരുടെ വസ്തു നന്ദ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ നന്ദ കുമാര്‍ ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ നടത്തിയിരുന്നു. അതിനിടെ പാട്ടക്കരാറിനെ ചൊല്ലി ദഗുബതി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും കോടതിയില്‍ എത്തുകയും ചെയ്തു.
സിറ്റി സിവില്‍ കോടതിയുടെയും തെലങ്കാന ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ലംഘിച്ചുകൊണ്ട് ജൂബിലി ഹില്‍സില്‍ ദഗുബതി കുടുംബം മോഷണത്തില്‍ ഏര്‍പ്പെടുകയും നിയമവിരുദ്ധമായി രണ്ട് വസ്തുക്കള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്ന് നന്ദ കുമാര്‍ ആരോപിച്ചു. സാമൂഹിക വിരുദ്ധരുടെ സഹായത്തോടെ കുടുംബം കെട്ടിടത്തില്‍ ബലമായി അതിക്രമിച്ച് കയറി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയതായും അദ്ദേഹം ആരോപിച്ചു.
സിറ്റി സിവില്‍ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഹോട്ടല്‍ പൊളിച്ചുമാറ്റിയത്. ഹോട്ടല്‍ പൊളിച്ചുമാറ്റല്‍ തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിന്റെ ലംഘനമാണെന്നും നന്ദ കുമാര്‍ ആരോപിച്ചു. ദഗുബതി കുടംബത്തിലെ അംഗങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പ്രാദേശിക കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹോട്ടല്‍ പൊളിച്ചുമാറ്റിയത്.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുമ്പ് വസ്തുവകകള്‍ പൊളിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമപരമായ തര്‍ക്കത്തെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചു. 2022 ല്‍ സ്വത്തുക്കള്‍ കോടതി കസ്റ്റഡിയിലായിരിക്കുമ്പോള്‍ പ്രതികള്‍ 20 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവച്ചതായും നന്ദ കുമാര്‍ പറയുന്നു.
കോടതി വിലക്കുകള്‍ ഉണ്ടായിരുന്നിട്ടും പ്രതി തന്റെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് തുടരുകയും സ്വത്ത് പൊളിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുവെന്നും നന്ദ കുമാര്‍ ആരോപിച്ചു. നന്ദ കുമാര്‍ സ്വകാര്യ അന്യായം നല്‍കിയ ശേഷം, കോടതി സമഗ്രമായ അന്വേഷണം നടത്താന്‍ ഫിലിം നഗര്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക