

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലിരുന്നു മദ്യപിച്ച ഡോക്ടർക്ക് സസ്പെൻഷൻ. യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ (വൈസിഎം) ആശുപത്രിയിലെ ഡോ. വൈഭവ് അവിനാഷ് മസ്‌കെയെയാണ് സസ്പെൻഡ് ചെയ്തത്. മൃതദേഹത്തിന് വേണ്ടി ബന്ധുക്കൾ പുറത്ത് കാത്ത് നിൽക്കുമ്പോഴാണ് ഡോക്ടർ മദ്യപിച്ച് ലക്ക് കെട്ട് ഉറങ്ങിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മൃതദേഹം വിട്ടു കിട്ടുന്നതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം മുറിയുടെ പുറത്ത് കാത്ത് നിൽക്കുക ആയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡോക്ടർ പുറത്തേക്ക് വരാതിരുന്നതോടെ ബന്ധുക്കൾ അകത്തു കയറി പരിശോധിക്കുക ആയിരുന്നു. ഈ സമയത്താണ് മദ്യലഹരിയിൽ ഡോ. വൈഭവ് കിടന്നുറങ്ങുന്നത് ബന്ധുക്കൾ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം ടേബിളിൽ മദ്യം,ഗ്ലാസ്,ഭക്ഷണ സാധനങ്ങൾ എന്നിവയുണ്ടായിരുന്നു. തുടർന്ന് ബന്ധുക്കളിൽ ഒരാൾ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ആയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ മുനിസിപ്പൽ കമ്മിഷണർ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി 15 ദിവസത്തിനകം കുറ്റപത്രം നൽകണമെന്നും കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates