

മുംബൈ: ഇന്ത്യയുടെ വിശ്വസ്തനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലയന്‍ പുരസ്‌കാരമായ ഭാരത് രത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മഹരാഷ്ട്ര മന്ത്രിസഭ പാസാക്കി. ഇന്ത്യയുടെ വ്യാവസായിക പുരോഗതിയിലും ടാറ്റാ ഗ്രൂപ്പിന്റെ വളര്‍ച്ചയിലും ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം പത്തരയോടെ മുംബൈ നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വര്‍ളി ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രത്തന്‍ ടാറ്റയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
രത്തന്‍ ടാറ്റയുടെ മരണത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചിച്ചു. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാര്‍ന്ന നേതൃത്വം നല്‍കി. ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപിച്ചിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു.
രത്തന്‍ ടാറ്റയുടെ മരണത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി . ഇന്ത്യന്‍ വ്യവസായമേഖലയിലെ അതികായനും സ്വാശ്രയ രാജ്യമായി ഇന്ത്യയെ നിര്‍മിച്ചെടുക്കുന്നതില്‍ വിലമതിക്കാനാവത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയുമാണ് രത്തന്‍ ടാറ്റ. ഇന്ത്യയിലും പുറത്തുമുള്ള സംരഭകര്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഒരു പ്രചോദനമായിരിക്കുമെന്നും ഉപരാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
രാജ്യത്തിന്റെ അമൂല്യ രത്‌നത്തെ നഷ്ടപ്പെട്ടുവെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എക്‌സില്‍ കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായിരുന്ന രത്തന്‍ ടാറ്റ വരും തലമുറയ്ക്കും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രമുഖ വ്യവസായികളില്‍ ഒരാളായിരുന്ന രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വ്യവസായ മേഖലയുടേയും നൂതന സാങ്കേതിക മേഖലകളുടേയും വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. കേരളത്തിന്‍ന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ടാറ്റ നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായി പിണറായി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates