

കൊല്‍ക്കത്ത: ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഒരു സംഘം ആളുകള്‍ ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അതിക്രമിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. 'ചോര്‍ ചോര്‍, ടിഎംസി ചോര്‍', 'ജയ് ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുഴക്കിയതായും അവര്‍ പറഞ്ഞു. വ്യാഴാഴ്ച 6E 719 ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം.
വിമാനത്തില്‍ സഞ്ചരിക്കവെ ഒരു കൂട്ടം പുരുഷന്മാര്‍ തന്നെ ശല്യം ചെയ്യുകയും അധിക്ഷേപകരമായ രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് മഹുവയുടെ പരാതി. പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ഈ ദുരനുഭവം. വിമാനം ലാന്‍ഡ് ചെയ്ത ശേഷം ക്യാബിന്‍ വാതിലുകള്‍ തുറക്കുന്നതിന് മുന്‍പായി തന്റെ അനുവാദമില്ലാതെ ഈ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എംപി ആരോപിച്ചു.
ഇത് വെറുമൊരു ജനരോഷം അല്ലെന്നും മറിച്ച് തന്റെ സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ പീഡനമാണെന്നും മഹുവ മൊയ്ത്ര എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ ആരോപിച്ചു. വിമാനത്തിനുള്ളില്‍ തന്റെ സുരക്ഷ ലംഘിക്കപ്പെട്ടുവെന്നും ഇത്തരം പ്രവൃത്തികള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നുമാണ് മഹുവ പറഞ്ഞു. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനെ ടാഗ് ചെയ്തുകൊണ്ടാണ് മഹുവ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടത്.
കുറ്റക്കാരെ ഉടന്‍ തിരിച്ചറിഞ്ഞ് അവരെ 'നോ-ഫ്‌ലൈ ലിസ്റ്റില്‍' ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ, വിമാനത്തിലെ ക്രൂ റിപ്പോര്‍ട്ട് കണ്ടെത്തണമെന്നും കുറ്റക്കാരെ പരസ്യമായി വെളിപ്പെടുത്തണമെന്നും അവര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടു. മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ ടാഗ് ചെയ്താണ് മഹുവ പോസ്റ്റ് പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates