

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നീതിയല്ല, ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ വിമര്‍ശിച്ചു.
'വിശ്വാസത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല, ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണ്. ഇത് അപകടകരമായ ഒരു രീതിയെ പ്രതിഫലിപ്പിക്കുന്നു. ഈ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വ്യവസ്ഥാപിതമായ പീഡിപ്പിക്കല്‍. യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.'- രാഹുല്‍ ഗാന്ധി കുറിച്ചു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവര്‍ത്തകര്‍ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അതേസമയം മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. തുടക്കത്തില്‍ മതപരിവര്‍ത്തനമാണ് ആരോപിച്ചിരുന്നതെങ്കില്‍ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് കുടുംബക്കാര്‍ പറയുന്നു. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരു കന്യാസ്ത്രീമാരും. 20 വര്‍ഷത്തിലധികമായി സിസ്റ്റര്‍ മേരി പ്രീതി ഉത്തരേന്ത്യയില്‍ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണെന്നും കുടുംബം പറഞ്ഞു. രണ്ടു മാസം മുന്‍പാണ് നാട്ടില്‍ വന്നു പോയത്. സ്ഥിതിഗതികള്‍ മോശമാണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും സിസ്റ്റര്‍ പ്രീതി പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. മൂന്നു പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരും മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോന്നവരുമാണ്. പെണ്‍കുട്ടികളുടെ കുടുംബവും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എല്ലാ രേഖകളും പൊലീസിനെ കാണിച്ചിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
