

അഹമ്മദാബാദ്: പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ ദേഷ്യത്തിൽ 19കാരിയെ യുവാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന ക്രൂരത. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൽപേഷ് ഠാക്കൂറി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലർത്തിയതുമാണ് കൊല്ലാൻ കാരണമെന്ന് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ദേശീയപാത 48ന് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇതുവഴിയെത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ യുവതിയുടെ വസ്ത്രത്തിൽ നിന്ന് ആധാർ കാർഡ് കണ്ടെടുത്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് തിരിച്ചറിഞ്ഞത്.
മൂന്ന് വർഷമായി തൃഷയുമായി പ്രണയത്തിലായിരുന്നു. ഗോധ്ര സ്വദേശിയായ തൃഷ, മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിനായാണ് വഡോദരയിലെത്തിയത്. നഗരത്തിൽ അമ്മാവന്റെ വീട്ടിലായിരുന്നു താമസം.
മാസങ്ങൾക്ക് മുമ്പ് യുവതി നാട്ടിൽ പോയി വന്നതിന് ശേഷം അടുപ്പം കാണിച്ചില്ല. തൃഷയുമായുള്ള ബന്ധം തുടരാൻ കൽപേഷ് പല വിധത്തിൽ ശ്രമിച്ചെങ്കിലും താത്പര്യം കാണിച്ചില്ല. മാത്രമല്ല, മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തു. തന്നെ അവഗണിച്ചപ്പോൾ ദിവസങ്ങൾക്ക് മുമ്പ് താൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചൊവ്വാഴ്ച വൈകീട്ട് പ്രതി യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നേരിട്ട് കണ്ടില്ലെങ്കിൽ ജീവനൊടുക്കുമെന്നായിരുന്നു കൽപേഷിന്റെ ഭീഷണി. ഇതോടെ നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് നേരിട്ട് കാണാമെന്ന് തൃഷ സമ്മതിച്ചു.
ബൈക്കിൽ മറ്റൊരു സുഹൃത്തിനൊപ്പമാണ് പ്രതി സ്ഥലത്തെത്തിയത്. സുഹൃത്തിനോട് ഹൈവേയിൽ കാത്തുനിൽക്കാൻ പറഞ്ഞ ശേഷം പ്രതി യുവതിയുടെ സ്‌കൂട്ടറിൽ കയറി പോയി. ദേശീയ പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇരുവരും എത്തിയത്. മറ്റൊരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും താനുമായുള്ള ബന്ധം തുടരണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തൃഷയുടെ മറുപടി. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കൽപേഷ് ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ആയുധം പുറത്തെടുത്ത് യുവതിയെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
യുവതിയുടെ കഴുത്തിലാണ് ആദ്യം വെട്ടേറ്റത്. തടയാൻ ശ്രമിച്ചപ്പോൾ കൈയ്ക്കും വെട്ടേറ്റു. കൈ വെട്ടിമാറ്റിയ പ്രതി ശരീരമാസകലം വെട്ടിപരിക്കേൽപ്പിച്ച് മരണം ഉറപ്പാക്കി. സംഭവത്തിന് ശേഷം യുവതിയുടെ സ്കൂട്ടറുമായി ഹൈവേയിലെത്തിയ പ്രതി, സ്‌കൂട്ടർ റോഡരികിൽ നിർത്തിയിട്ട ശേഷം സുഹൃത്തിന്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. യുവതിയുടെ മൊബൈൽ ഫോണും ഇയാളുടെ കൈവശമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം രക്തംപുരണ്ട വസ്ത്രമെല്ലാം മാറ്റി കുളിച്ചു. തൃഷയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം പ്രതി ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates