

ആഗ്ര: വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്‌തയാൾക്ക് മാംസാഹാരം വിളമ്പിയ ആഗ്രയിലെ ആഡംബര ഹോട്ടലിനെതിരെ നിയമനടപടി. ഹോട്ടലിനോട് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അറിയിച്ച് നോട്ടീസ് അയച്ചു. ആഗ്ര സ്വദേശിയായ അര്‍പിത് ഗുപ്തയാണ് ഹോട്ടലിൽ ഭക്ഷണം വിളമ്പിയതിലുള്ള അശ്രദ്ധ ചൂണ്ടിക്കാട്ടി കേസു നല്‍കിയത്.
ഹോട്ടൽ മാംസാഹാരം നൽകിയതിലൂടെ തന്റെ മതവികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല തന്റെ ജീവനെ അപകടത്തിലാക്കിയെന്നും അര്‍പിത് ഗുപ്ത പറഞ്ഞു. ഏപ്രില്‍ 14നാണ് സംഭവം. ആഗ്രയിലെ ഫത്തേഹബാദ് റോഡിന് സമീപത്തെ ഹോട്ടലിൽ സുഹൃത്തിനൊപ്പമാണ് അർപിത് ഭക്ഷണം കഴിക്കാൻ പോയത്. കഴിക്കാന്‍ വെജിറ്റേറിയന്‍ റോൾ ഓഡര്‍ ചെയ്തു. ഭക്ഷണം കഴിച്ച് തുടങ്ങി രുചി വ്യത്യാസം തോന്നിയതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാരനോട് കാര്യം തിരക്കിയപ്പോഴാണ് തനിക്ക് വിളമ്പിയത് ചിക്കന്‍ റോളാണെന്ന് കാര്യം അര്‍പിത് അറിയുന്നത്.
മാംസാഹാരമാണ് താൻ കഴിച്ചതെന്ന് മനസിലാക്കിയതോടെ അർപിത് ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിഴവ് മറയ്‌ക്കാൻ ഹോട്ടൽ ജീവനക്കാരൻ ഭക്ഷണം ഓഡർ ചെയ്‌തതിന്റെ ബില്ല് തനിക്ക് തന്നില്ലെന്നും യുവാവ് ആരോപിച്ചു.
തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയ ഹോട്ടലിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് യുവാവ് പറഞ്ഞു. അതേസമയം പിഴവ് സംഭവച്ചതായി ഹോട്ടല്‍ മാനേജ്‌മെന്റ് സമ്മതിച്ചു. സംഭവത്തില്‍ മാപ്പപേക്ഷിക്കുന്നതായും ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തൽ, ഭക്ഷ്യസുരക്ഷാ നിയമം, മലിനമായ ഭക്ഷണം വിളമ്പൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാമെന്ന് വിദഗ്ധർ പറഞ്ഞു. മൂന്ന് വർഷം മുതൽ 10 വർഷം വരെ തടവു ശിക്ഷയും ലഭിക്കാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates