മംഗളൂരു: ഫ്രാൻസ്, ദുബായ്, ബെംഗളൂരു എന്നിവിടങ്ങളിലെ മികച്ച ജോലികൾ ഉപേക്ഷിച്ച് ഗ്രാമീണ മേഖലയിലേക്ക് തിരിച്ചെത്തി കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തുപകർന്ന അഞ്ച് ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക് കാറുകൾ നൽകി മാതൃകയായി സ്വകാര്യ സ്ഥാപനം. മംഗളൂരു ബെൽത്തങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന, കവുങ്ങിൻ പാള കൊണ്ടുളള പാത്രങ്ങൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന 'അഗ്രിലീഫ് എക്സ്പോർട്സ്' ആണ് ജീവനക്കാരുടെ സമർപ്പണത്തിന് അംഗീകാരമായി ഈ വലിയ ദീപാവലി സമ്മാനം നൽകിയത്.
കമ്പനിയുടെ നിഡിലെ ഗ്രാമത്തിലെ ആസ്ഥാനത്ത് വെച്ച് നടന്ന 'അഗ്രിലീഫ് ഉത്സവ്-2026' ദീപാവലി ആഘോഷ ചടങ്ങിനിടയിലാണ് മൊത്തം ഒരു കോടി രൂപയോളം വിലവരുന്ന അഞ്ച് ടാറ്റ നെക്സോൺ ഇവി (Tata Nexon EV) കാറുകൾ ജീവനക്കാർക്ക് കൈമാറിയത്. ശ്യാംനന്ദൻ ഹില്ലെമാനെ (ബിസിനസ് അനലിസ്റ്റ്), വിഘ്നേഷ് പി. (എച്ച്.ആർ. മാനേജർ), ചേതൻ എൻ.എസ്. (പ്രൊഡക്ഷൻ മാനേജർ), ജഗന്നാഥ് പി. (ഓപ്പറേഷൻസ് മാനേജർ), ശ്രീനാഥ് അഭ്യങ്കർ (ടെക്നിക്കൽ ഹെഡ്) എന്നിവരാണ് ഇലക്ട്രിക് കാറുകൾ ദീപാവലി സമ്മാനമായി സ്വന്തമാക്കിയത്. ഇതിനുപുറമെ, മിഥുൻ, സന്തോഷ് എന്നീ രണ്ട് ജീവനക്കാർക്ക് രണ്ട് ലക്ഷം രൂപ വീതം വിലവരുന്ന ഏതർ റിസ്‌ത ഇലക്ട്രിക് സ്കൂട്ടറുകളും കമ്പനി നൽകി.
ഗ്രാമീണ പശ്ചാത്തലത്തിൽ ജോലി ചെയ്യാൻ തയ്യാറായി എത്തുന്ന പ്രൊഫഷണലുകൾക്കും നഗരങ്ങളിലെ ഉയർന്ന ജോലികൾക്ക് തുല്യമായ പ്രാധാന്യവും അംഗീകാരവും ലഭിക്കണമെന്ന മാനേജ്‌മെന്റിന്റെ കാഴ്ചപ്പാടാണ് ഇത്തരത്തിലുള്ളൊരു ദീപാവലി സമ്മാന പദ്ധതിക്ക് പിന്നിലെന്ന് ജീവനക്കാർ പറയുന്നു. പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനി, പതിനായിരത്തോളം കർഷക കുടുംബങ്ങളിൽ നിന്നാണ് അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നത്. സ്ത്രീകള ഉൾപ്പെടെയുള്ള നിരവധി പേർക്ക് ഗ്രാമീണ മേഖലയിൽ സ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സ്ഥാപനത്തിൽ നിലവിൽ മുന്നൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates