

പ്രയാഗ്‌രാജ്: വിവാഹം ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് ഉടമസ്ഥാവകാശമോ നിയന്ത്രണമോ നല്‍കുന്നില്ലെന്ന് അലഹാബാദ് ഹൈക്കോടതി. സ്ത്രീയുടെ സ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയ അവകാശങ്ങള്‍ വിവാഹത്തോടെ ദുര്‍ബലപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയ്‌ക്കൊപ്പമുള്ള സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജി ജ. വിനോദ് ദിവാകര്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.
ഭാര്യയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതിലൂടെ ഭര്‍ത്താവ് ദാമ്പത്യ ബന്ധത്തിന്റെ പവിത്രത ഇല്ലാതാക്കി. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് നടപടിയെന്നും കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ട് ജഡ്ജി നിരീക്ഷിച്ചു.
വിശ്വാസലംഘനം ദാമ്പത്യ ബന്ധത്തിന്റെ അടിത്തറയെ ദുര്‍ബലമാക്കുന്നു. ഭാര്യ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു വ്യക്തിമാത്രമല്ല. അവര്‍ക്ക് വ്യക്തി എന്ന നിലയില്‍ അവകാശങ്ങളും വ്യക്തിത്വവുമുണ്ട്. സ്ത്രീയുടെ ശാരീരികമായ അവകാശങ്ങളും സ്വകാര്യതയെയും ബഹുമാനിക്കണം എന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ധാര്‍മ്മിക ഉത്തവാദിത്തം കൂടിയാണ് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
തന്റെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടി യുപി മിര്‍സാപൂര്‍ സ്വദേശിനിയായ യുവതിയാണ് പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് പ്രദുമ്ന്‍ യാദവ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ആദ്യം ഫെയ്‌സ്ബുക്കിലും പിന്നീട് യുവതിയുടെ ബന്ധുക്കള്‍ക്കും അയച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരാതിക്കാരിയെ നിയമപരമായി വിവാഹം ചെയ്ത ഭര്‍ത്താവാണ് പ്രതിയെന്നും അതിനാല്‍ ഐടി ആക്ടിലെ സെക്ഷന്‍ 67 നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിക്ഷഭാഗത്തിന്റെ നിലപാട്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒത്തുതീര്‍പ്പിന് ന്യായമായ സാധ്യതകളുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പരാതിക്കാരി ഭാര്യയാണെങ്കിലും, അവരുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാന്‍ അവകാശമില്ലെന്ന് വാദിഭാഗവും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates