

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് തൊട്ടുമുന്‍പ് ശാസ്ത്രജ്ഞരെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് ചന്ദ്രയാന്‍ മൂന്ന് പറന്നുയരാന്‍ പോകുന്നതെന്ന് മോദി പറഞ്ഞു.
'ചന്ദ്രയാന്‍-1 വരെ, ഭൂമിശാസ്ത്രപരമായി നിഷ്‌ക്രിയവും വാസയോഗ്യമല്ലാത്തതുമായ ഒരു ആകാശഗോളമാണ് ചന്ദ്രന്‍ എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചന്ദ്രനെ ചലനാത്മകവും ഭൂമിശാസ്ത്രപരമായി സജീവവുമായ ഒന്നായാണ് കാണുന്നത്. കൂടാതെ ജലത്തിന്റെയും മഞ്ഞുപാളികളുടെ സാന്നിധ്യവുമുണ്ട്. ഭാവിയില്‍ ചന്ദ്രന്‍ വാസയോഗ്യമായ ഇടമായി മാറിയേക്കാം'- മോദി ട്വിറ്ററില്‍ കുറിച്ചു.
ചന്ദ്രയാന്‍ മൂന്ന് പറന്നുയരുന്ന ജൂലൈ 14 ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ സുവര്‍ണ അക്ഷരങ്ങളിലായിരിക്കും രേഖപ്പെടുത്തുകയെന്നും മോദി പറഞ്ഞു.പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണത്തറയില്‍ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരുക.ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗണ്‍. ഈ സമയത്തിനിടെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും അവസാന ഘട്ടത്തിലെ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കും.
2019ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന് പേരുമാറ്റിയ ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്ന് നടക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
