ചരിത്രമെഴുതാൻ ഇന്ത്യ; ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും (വീഡിയോ)

ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗൺ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും. ചന്ദ്രയാൻ 3ന്റെ കൗണ്ട്- ഡ‍ൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയിൽ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരും.

ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗൺ. ഈ സമയത്തിനിടെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും അവസാന ഘട്ടത്തിലെ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും. 

2019ൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആർഒ ചന്ദ്രയാൻ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാൻ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റിൽ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്ന്‌ പേരുമാറ്റിയ ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എൽവി മാർക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്ന് നടക്കുന്നത്. 43.5 മീറ്റർ ഉയരവും 642 ടൺ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാം ഘട്ടത്തിൽ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തിൽ ക്രയോജനിക് ഇന്ധനവും കുതിപ്പേകും. 15 മിനിറ്റ്‌ കഴിയുമ്പോഴേക്കും  പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭൂമിയിൽ നിന്ന് 179 കിലോമീറ്റർ ഉയരെയുള്ള ഭ്രമണ പഥത്തിലെത്തും.

ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറും ചന്ദ്രനിൽ സഞ്ചരിക്കാനുള്ള റോവറും ഇവയെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപ്പൽഷൻ മൊഡ്യൂളുമാണ് ചന്ദ്രയാൻ പേടകത്തിന്റെ പ്രധാന ഭാഗങ്ങൾ. റോക്കറ്റിൽ നിന്ന് വേർപെട്ടു കഴിഞ്ഞാൽ റോവറിനെയും ലാൻഡറിനെയും ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ചുമതല പ്രൊപ്പൽഷൻ മോഡ്യൂളിന്റേതാണ്. ഭൂമിയെ ചുറ്റുന്നതിനിടെ ഭ്രമണ പഥത്തിന്റെ വ്യാസം വർധിപ്പിച്ചു കൊണ്ടുവന്നാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കടക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണ പഥത്തിന്റെ വ്യാസം കുറച്ചു കൊണ്ടുവരും. ഓഗസ്റ്റ് 23, 24 തീയതികളിൽ ലാൻഡറിനെ ചന്ദ്രനിൽ ഇറക്കാനാണ് പദ്ധതി.

2008ലെ ചന്ദ്രയാൻ 1ൽ പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തിൽ സ്വതന്ത്രമായി വീഴാൻ അനുവദിക്കുകയാണ് ചെയ്തത്. വേഗം കുറച്ചുകൊണ്ടുവന്ന് ലാൻഡറിനെ സുരക്ഷിതമായി ഇറക്കുകയായിരുന്നു 2019ലെ ചന്ദ്രയാൻ 2 ദൗത്യം. അവസാന നിമിഷം വരെ കൃത്യമായി മുന്നോട്ടു പോയെങ്കിലും റോവറിന് ചന്ദ്രനിൽ ഇടിച്ചിറങ്ങേണ്ടിവന്നതിനാൽ ദൗത്യം വിജയിച്ചില്ല. 

ഇത്തവണ സുരക്ഷിത സ്ഥലം കണ്ടെത്തി, വേഗം കുറച്ചാവും ചന്ദ്രനിലിറങ്ങുക. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ കൂടി ചന്ദ്രയാൻ 2ൽ ഉണ്ടായിരുന്നു. ഈ ദൗത്യത്തിൽ അതില്ല. പഴയ ഓർബിറ്റർ നിലവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. അതുവഴിയായിരിക്കും പുതിയ ദൗത്യം ഭൂമിയുമായി ആശയ വിനിമയം നടത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com