

ലഖ്നൗ: ഭര്‍ത്താവിനെ വെട്ടിനുറുക്കിയ കേസിലെ പ്രതി ജയിലിനുള്ളില്‍ നിയമം പഠിക്കാന്‍ അനുമതി തേടി. മീററ്റ് കൊലപാതക കേസിലെ (meerut drum case) പ്രതി മുസ്‌കാന്‍ റസ്തഗി (28) ആണ് ഇങ്ങനെ ഒരാവശ്യം ജയില്‍ അധികൃതരെ അറിയിച്ചത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സൗരവ് രജ്പുത്തിനെ കാമുകനൊപ്പം ചേര്‍ന്ന് വെട്ടിനുറുക്കി വീപ്പയിലിട്ട് കോണ്‍ക്രീറ്റു ചെയ്ത കേസിലാണ് മുസ്‌കാന്‍ ജലിയില്‍ കഴിയുന്നത്. തനിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നന്നായി വാദിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മുസ്‌കാന്‍ ഈ ആവശ്യം മുന്നോട്ടുവച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ മുസ്‌കാന്‍ എട്ടാം ക്ലാസിനപ്പുറം പഠിച്ചിട്ടിച്ചില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ സൗരഭിനെ കാമുകന്‍ സാഹിലിന്റെ സഹായത്തോടെ മുസ്‌കാന്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരം കഷണങ്ങളാക്കി വെട്ടിമുറിച്ച് ഒരു വീപ്പയില്‍ തള്ളുകയും അത് കോണ്‍ക്രീറ്റുകൊണ്ട് മൂടുകയും ചെയ്തു. തുടര്‍ന്ന് സൗരഭ് യാത്രയിലാണെന്ന് ബന്ധുക്കളെയും മറ്റും വിശ്വസിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നതും പ്രതികള്‍ പിടിയിലായതും.
ചോദ്യം ചെയ്യലില്‍ തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ ലഹരി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കരുതിയാണ് കൊല നടത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സൗരഭും മുസ്‌കാനും ഏറെ നാള്‍ പ്രണയിച്ചശേഷമാണ് വിവാഹം കഴിച്ചത്. മുസ്‌കാനുവേണ്ടി സ്വന്തം ബന്ധുക്കളെയും ജോലിയും ഉപേക്ഷിക്കാന്‍ പോലും സൗരഭ് തയ്യാറായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് മുസ്‌കാന്‍ ലഹരിക്ക് അടിമയാണെന്നും സാഹിലുമായി പ്രണയത്തിലാണെന്നും മനസിലാക്കുന്നത്. ഇതേത്തുടര്‍ന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുസ്‌കാന്‍ മകള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതോടെ മകളുടെ ഭാവിയെക്കരുതി വിവാഹമോചനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുസ്‌കാന് തുടര്‍ വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങള്‍ ജയില്‍ ്അധികൃതര്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്‌കാന്‍ ജയിലില്‍ ആയതിന് ശേഷം അവരുടെ കുടുംബാംഗങ്ങള്‍ ആരും കാണാന്‍ എത്തിയിട്ടില്ലെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്. സാഹിലിന്റെ ബന്ധുക്കള്‍ ജയിലില്‍ കാണാനെത്തിയിരുന്നു. പഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും ജയില്‍ അധികൃതര്‍ ഏര്‍പ്പാടാക്കി നല്‍കുമെന്നും സൂപ്രണ്ട് പറഞ്ഞു. കേസില്‍ 1000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഫോറന്‍സിക് സാമ്പിളുകള്‍, ഡിജിറ്റല്‍ രേഖകള്‍, 34 സാക്ഷി മൊഴികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates