

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി അടുത്ത സംയുക്ത സൈനിക മേധാവി. മെയ് 30ന് കാലാവധി പൂര്‍ത്തിയാക്കുന്ന ജനറല്‍ അനില്‍ ചൗഹാന് പകരക്കാരനായാണ് രാജാ സുബ്രഹ്മണിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. 2025 സെപ്റ്റംബര്‍ 1 മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡൈ്വസറായി സേവനമനുഷ്ഠിച്ചു വരികയാണ് ഇദ്ദേഹം.
ഇതിന് മുന്‍പ് 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ സൈന്യത്തില്‍ 37 വര്‍ഷത്തിലേറെ നീണ്ട സേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
വിവിധ സംഘര്‍ഷ മേഖലകളിലും വ്യത്യസ്ത ഭൂപ്രകൃതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളിലെ പ്രവര്‍ത്തന രീതികളെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമി (NDA), ഇന്ത്യന്‍ മിലിട്ടറി അക്കാദമി (IMA) എന്നിവിടങ്ങളില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ രാജാ സുബ്രഹ്മണി യുകെയിലെ ബ്രാക്നെല്ലിലുള്ള ജോയിന്റ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജ്, ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ട്.
ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്ലും നേടിയിട്ടുണ്ട്. പരമ വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), സേനാ മെഡല്‍ (SM), വിശിഷ്ട സേവാ മെഡല്‍ (VSM) അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates