സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമം; മെഹുല്‍ ചോക്‌സിയെ പൂട്ടിയത് ഇങ്ങനെ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ വ്യവസായി മെഹുല്‍ ചോക്‌സി അറസ്റ്റിലായത് ബെല്‍ജിയത്തില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ
Mehul Choksi Tried To Escape To Switzerland
മെഹുല്‍ ചോക്‌സി ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ വ്യവസായി മെഹുല്‍ ചോക്‌സി അറസ്റ്റിലായത് ബെല്‍ജിയത്തില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ. ചോക്‌സിയുടെ ഭാര്യ പ്രീതി ബെല്‍ജിയന്‍ പൗരയാണ്. ബെല്‍ജിയത്തില്‍ റെസിഡന്‍സി കാര്‍ഡ് ലഭിക്കുന്നതിനായി ചോക്‌സി വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

താന്‍ ഇന്ത്യയിലെയും ആന്റിഗ്വയിലെയും പൗരനാണെന്ന കാര്യം ചോക്‌സി മറച്ചുവെച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏഴു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റിലായത്. പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 12,636 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയായ മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയുടെ ബന്ധുക്കളും പ്രതികളാണ്. വന്‍ തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018ലാണ് അറുപത്തിയഞ്ചുകാരനായ ചോക്സി ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. നിക്ഷേപ പരിപാടിയിലൂടെ പൗരത്വം നേടിയ ആന്റിഗ്വയിലേക്കാണ് അദ്ദേഹം പറന്നത്.

2021ല്‍ നിയമവിരുദ്ധമായി കടന്നതിന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ചോക്സിയെ അറസ്റ്റ് ചെയ്തു. ചോക്‌സിയെ കസ്റ്റഡിയില്‍ എടുക്കാന്‍ സിബിഐ സംഘം കരീബിയന്‍ രാജ്യത്തേക്ക് പോയി. ചികിത്സയ്ക്കായി ആന്റിഗ്വയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ചോക്സിയുടെ അഭിഭാഷകര്‍ ഡൊമിനിക്കന്‍ കോടതിയോട് പറഞ്ഞു. പിന്നീട് വിചാരണ നേരിടാന്‍ അദ്ദേഹം മടങ്ങിവരുമെന്ന് ഉറപ്പുനല്‍കി. 51 ദിവസത്തെ ജയില്‍വാസത്തിന് ശേഷം, ബ്രിട്ടീഷ് രാജ്ഞിയുടെ പ്രിവി കൗണ്‍സിലില്‍ നിന്ന് ചോക്‌സിക്ക് ഇളവ് ലഭിച്ചു. ചോക്‌സി ആന്റിഗ്വയിലേക്ക് മടങ്ങി. പിന്നീട്, ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അദ്ദേഹത്തിനെതിരെ ചുമത്തിയ നിയമവിരുദ്ധ പ്രവേശന കുറ്റങ്ങള്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ സമയമത്രയും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ബെല്‍ജിയത്തിലാണെന്ന് അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ അവിടത്തെ ഏജന്‍സികളെ വിവരം അറിയിച്ചതായി ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ബെല്‍ജിയന്‍ പൊലീസുമായി പങ്കിട്ടു. തുടര്‍ന്നാണ് ബെല്‍ജിയന്‍ പൊലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ രക്താര്‍ബുദ ചികിത്സയ്ക്കായി ബെല്‍ജിയത്തിലായതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് ചോക്‌സിയുടെ അഭിഭാഷകന്‍ മുംബൈ കോടതിയില്‍ പറഞ്ഞത്.

ഇന്ത്യന്‍ ഏജന്‍സികളുമായി സഹകരിക്കാനും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാകാനും തയ്യാറാണെന്ന് വ്യവസായി പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം നിരസിക്കുകയും ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികളുമായി ഏജന്‍സികള്‍ മുന്നോട്ടുപോകുകയും ചെയ്തു. ഈ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ബെല്‍ജിയത്തില്‍ വച്ച് മെഹുല്‍ ചോക്‌സിയുടെ അറസ്റ്റില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com