ന്യൂഡല്‍ഹി: പുതുവത്സര പുലരിയില്‍ ഇരുപതുകാരി അഞ്ജലി എന്ന പെണ്‍കുട്ടി കാറിടിച്ച് മരിച്ച സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ജലിയെ റോഡിലൂടെ 13 കീലോമീറ്റര്‍ വലിച്ചിഴച്ചെന്നും അപകടശേഷം കാര്‍ നിര്‍ത്തിയില്ലെന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നും കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് കണ്ടെത്തി
പുതുവത്സരരാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിലാണ് അമന്‍ വിഹാര്‍ സ്വദേശിയായ അഞ്ജലി കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. അഞ്ജലിയെ വലിച്ചിഴച്ച് 13 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കഞ്ചവാലയിലെ വാഹനാപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം തേടി. അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണെന്നും അമിത് ഷാ പറഞ്ഞു.
മരിച്ച അഞ്ജലിയായിരുന്നു അവളുടെ കുടുംബത്തിന്റെ ഏക ആശ്രയം. രോഗിയായ അമ്മയെയും സഹോദരങ്ങളെയും വളര്‍ത്തുന്നതിനായി ഒരു ഇവന്‍മാനേജ് മെന്റില്‍ പാര്‍ട്ട് ടൈം ജോലിയും ഏറ്റെടുത്തിരുന്നു അഞ്ജലി. ഇതുകൊണ്ടുതന്നെ രാത്രിയിലും അഞ്ജലിക്ക് ജോലി ചെയ്യേണ്ടി വന്നു. പുതുവര്‍ഷദിനത്തിലും വൈകീട്ട് തിരിച്ചെത്താമന്ന് പറഞ്ഞാണ് അഞ്ജലി പോയതെങ്കിലും അത് അവസാനയാത്രയാകുമെന്ന് കരുതിയിരുന്നില്ലെന്ന സഹോദരിമാര്‍ പറഞ്ഞു.
കാര്‍ ഒരു മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട ഉടനെ വിവരം പൊലീസില്‍ അറിയിച്ചതായി ദൃക്‌സാക്ഷിയായ ദഹിയ പറഞ്ഞു. പ്രതികള്‍ ഒരേ റോഡില്‍ പലതവണ യു-ടേണ്‍ എടുത്ത് വാഹനമോടിച്ചതായും അദ്ദേഹം പറഞ്ഞു. പലതവണ അവരെ തടയാന്‍ താന്‍ ശ്രമിച്ചെങ്കിലും അവര്‍ വാഹനം നിര്‍ത്തിയില്ല. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി കാറില്‍ ചുറ്റി. ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നു തടയുകയായിരുന്നു. കാറില്‍നിന്നു മൃതദേഹം വീണതിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായും ദഹിയ കൂട്ടിച്ചേര്‍ത്തു.
കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിയിരിക്കുകയായിരുന്നെന്നും ഉച്ചത്തില്‍ പാട്ടു വച്ചിരുന്നതിനാല്‍ മൃതദേഹം ശ്രദ്ധിച്ചില്ലെന്നുമാണ് അറസ്റ്റിലായവരുടെ മൊഴി. മൃതദേഹം കണ്ടയുടന്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നു ഡിസിപി അറിയിച്ചു. മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇതുവരെ നടത്തിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates