

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ബിജെപിയുടെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പരമ്പരാഗതമായ ബംഗാളി വേഷം ധരിച്ച്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ബംഗാള്‍ ശൈലിയില്‍ വെള്ള നിറത്തിലുള്ള കുര്‍ത്തയും ചുവന്ന ബോര്‍ഡറുള്ള ടസര്‍ സില്‍ക് ദോത്തിയും ധരിച്ചാണ് മോദി എത്തിയത്.
തനി ബംഗാളി ശൈലിയില്‍ ദോത്തിയുടെ ഒരറ്റം കുര്‍ത്തയുടെ പോക്കറ്റില്‍ തിരുകിയ നിലയിലായിരുന്നു. എന്നാല്‍ വേദിയിലെ നടപ്പിനിടെ പോക്കറ്റില്‍നിന്ന് ഇത് പുറത്തെടുത്ത് കയ്യില്‍ പിടിച്ചായിരുന്നു നടപ്പ്. സംസ്ഥാനത്തിന്റെ തനതു നെയ്ത്തുകലയെ ഓര്‍മിപ്പിക്കുന്ന പരമ്പരാഗത 'ബൂട്ടി' ഡിസൈനിലുള്ള കോട്ടണ്‍ സ്‌കാര്‍ഫും അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു. വേഷവിധാനങ്ങളിലൂടെ രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കാറുള്ള മോദിയുടെ 'ദോത്തി ലുക്ക്', ബിജെപിയുടെ ബംഗാള്‍ വിജയത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്.
15 വര്‍ഷം നീണ്ടുനിന്ന തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ആദ്യമായി ബംഗാളില്‍ ഭരണം പിടിക്കുന്നത്. 244ല്‍ 208 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 79 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും വിജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates