

ബെല്‍ഗാവി: മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ' ലിംഗായത്, കുറുബ, വൊക്കലിംഗ, ബ്രാഹ്മണര്‍ തുടങ്ങി ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും ഞങ്ങള്‍ ടിക്കറ്റ് നല്‍കും, പക്ഷേ മുസ്ലിംകള്‍ക്ക് ഉറപ്പായും നല്‍കില്ല'- ഈശ്വരപ്പ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെല്‍ഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം.
കര്‍ണാടകയിലെ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ബെല്‍ഗാവി ഹിന്ദുത്വത്തിന്റെ കേന്ദ്രമാണെന്നും ഇവിടെ മുസ്ലിംകള്‍ക്ക് സീറ്റ് നല്‍കുന്നതിനെ കുറിച്ച് ചോദ്യം പോലും ഉയരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഹിന്ദുത്വ പ്രചാരകര്‍ക്ക് മാത്രമേ ബിജെപി ടിക്കറ്റ് നല്‍കുള്ളുവെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ബല്‍ഗാവിയില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ കുപ്രസിദ്ധനാണ് ഈശ്വരപ്പ. ഏപ്രിലില്‍ പാര്‍ട്ടിയില്‍ വിശ്വസിക്കാത്ത മുസ്ലിംകള്‍ക്ക് ബിജെപി സീറ്റ് നല്‍കില്ലെന്നുള്ള ഈശ്വരപ്പയുടെ പ്രതികരണം വിവാദമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates