മുംബൈ : ലൈംഗികാതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരത്തിന്റെ അടുത്ത അനുയായിയും ഭാര്യയും കാറപകടത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ട്രക്കിൽ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര ഷെൽക്കെ (55), ഭാര്യ അനുരാധ (50) എന്നിവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിനാലുകാരനായ ഇവരുടെ മകൻ ഗുരുതര പരിക്കോടെ ചികിത്സയിൽ തുടരുകയാണ്.
മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെ, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നതെന്ന് കോപ്പർഗാവ് പോലീസ് അറിയിച്ചു. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ആർടിഒ, ഓട്ടോമൊബൈൽ വിദഗ്ധർ തുടങ്ങിയ അധികാരികളുടെ സഹായത്തോടെ വിദഗ്ധ വിശകലനം നടത്തുമെന്ന് അഹല്യനഗർ പോലീസ് സൂപ്രണ്ട് സോമനാഥ് ഘാർഗെ അറിയിച്ചു. അപകടം മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് കുടിയാണ് തുടക്കമിട്ടിരിക്കുന്നത്.
ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ ആൾദൈവം ഖരത്തിന്റെ അടുത്ത അനുയായിയായിരുന്നു കൊല്ലപ്പെട്ട ജിതേന്ദ്ര ഷെൽക്കെ. ഖരത്തിന്റെ ബിസിനസ് പങ്കാളിയും 'ആൾദൈവം' സ്ഥാപിച്ച ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റുമായിരുന്നു ഷെൽക്കെ എന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ നാസിക്കിലെ ടിസിഎസ് ഓഫീസിൽ ഉയർന്നുവന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണം അശോക് ഖരത്തിന്റെ അറസ്റ്റിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്ന് കുറ്റാരോപിതയായ നിദ ഖാന്റെ പിതാവ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് അടുത്ത അനുയായിയുടെ അപകട മരണം. ഇതോടെ കേസിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജിതേന്ദ്ര ഷെൽക്കെയുടെ കുടുംബത്തിനുണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതാണെന്നും ഖരത്തിന്റെ മറ്റ് ദുഷ്‌കൃത്യങ്ങൾ പുറത്തുവരാതിരിക്കാൻ അപകടം ആസൂത്രണം ചെയ്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ പ്രതികരിച്ചു.
3 വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 18നാണു മഹാരാഷ്ട്ര പോലീസ് ഖരാത്തിനെ അറസ്റ്റ് ചെയ്തത്. ഖരാത്തുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രുപാലി ചക്കങ്കർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിയിച്ചത്. അശോക് കുമാര്‍ ഖരാത്തില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തി. പ്രാര്‍ഥിക്കാനും ജ്യോതിഷപരമായ ഉപദേശം തേടിയും എത്തിയിരുന്ന സ്ത്രീകളെ വശത്താക്കിയും ഭര്‍ത്താവിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയുമാണ് അതിക്രമത്തിനിരയാക്കിയിരുന്നത്.
തന്റെ ഭാര്യ 7 മാസം ഗര്‍ഭിണിയായിരിക്കെ ഖരാത്ത് പീഡിപ്പിച്ചതായി മുന്‍ ജീവനക്കാരനും പരാതി നല്‍കിയിരുന്നു. അത്തരത്തില്‍ ഒട്ടേറെപ്പെരെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവ ഒളിക്യാമറ വച്ച് പകര്‍ത്തിയിട്ടുണ്ടെന്നുമാണ് ഖരാത്തിനെതിരെയുള്ള ആരോപണം. അന്വേഷണത്തിനിടെ നിരവധി പേരുകൾ ഉയർന്നുവരുമെന്നതിനാൽ ഖരത്ത് ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് കരുതുന്നതായി കോൺഗ്രസ് നേതാവ് പ്രണിതി ഷിൻഡെയും പ്രതികരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates