

ന്യൂഡല്‍ഹി: ഇന്ത്യ മാവോയിസ്റ്റ് ഭീഷണിയില്‍ നിന്ന് ഏറെക്കുറെ മുക്തമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ ഏതാണ്ട് പൂര്‍ണമായും മാവോയിസ്റ്റ് ഭീഷണിയില്‍ നിന്നും മോചിപ്പിച്ചു. ബസ്തറില്‍ മാവോയിസ്റ്റ് ഭീഷണി ഏകദേശം തുടച്ചുനീക്കപ്പെട്ടു. മേഖല ഇപ്പോള്‍ പുരോഗതിയുടെ പാതയിലാണെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
ഇടതുപക്ഷ തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ലോക്സഭയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചും അമിത് ഷാ ആരോപണങ്ങള്‍ ഉന്നയിച്ചു. ചുവപ്പ് ഭീകരത ബസ്തറില്‍ വികസനം തടസ്സപ്പെടുത്തി. കാലങ്ങളായി ഛത്തീസ്ഗഢ് ഭരിച്ച കോണ്‍ഗ്രസ് ഗോത്ര വിഭാഗക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പോലും നക്‌സലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും അമിത് ഷാ കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് ബസ്തറില്‍ ആദിവാസികളെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവഗണിച്ചത്? നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി. സിആര്‍പിഎഫ് ജവാന്മാരും ഛത്തീസ്ഗഡ് പോലീസും വിശ്രമമില്ലാതെ മാവോയിസ്റ്റുകൾക്കെതിരെ പോരാടുന്നു. കഴിഞ്ഞ 12 വര്‍ഷമായി മാവോയിസം ഇല്ലാതാക്കാന്‍ നിരന്തരം പ്രയത്‌നിക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു.
'ഇന്ന്, ബസ്തറില്‍ നിന്ന് നക്‌സലിസം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു. ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലും ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മേഖലയിലെ എല്ലാ ഗ്രാമങ്ങളിലും ഒരു റേഷന്‍ കട തുറക്കാന്‍ ശ്രമം തുടങ്ങി. എല്ലാ താലൂക്കുകളിലും പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും (സിഎച്ച്‌സി) സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു, ഇപ്പോള്‍ അവര്‍ക്ക് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായിത്തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, അമിത് ഷായുടെ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരായ പരാമര്‍ശങ്ങളായിരുന്നു പ്രതിഷേധത്തിന് ഇടയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates