

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ നിലപാടെടുക്കാന്‍ ഇന്ത്യാസഖ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം. ജെഎംഎം ഓണ്‍ലൈനായിട്ടാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ യോഗത്തിന് ക്ഷണിച്ചെങ്കിലും അവരും പങ്കെടുക്കുന്നില്ല. വനിതാ സംവരണത്തിന്റെ പേരിലാണ് നിര്‍ദ്ദിഷ്ട മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍, പ്രതിപക്ഷം ഭരണഘടനയെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി.
പിതാവും പാര്‍ട്ടി സ്ഥാപകനുമായ ശരദ് പവാര്‍ ആശുപത്രിയിലായതിനാല്‍ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുക്കില്ലെന്ന് സുപ്രിയ സുലെ ഇന്നലെ അറിയിച്ചിരുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെക്കുറിച്ചും നവംബര്‍ 30-ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ സഖ്യം യോഗം വിളിച്ചിരിക്കുന്നത്. നവംബര്‍ 30ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിസംബര്‍ മൂന്നിന് പാര്‍ലമെന്റ് സമ്മേളനം സമാപിക്കും.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുന്നതിനും ഇന്ത്യാ സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് മാറുന്നതിന്റെയും ഭാഗമായി എന്‍സിപി നേതൃത്വം ബിജെപിയുമായി വിലപേശല്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോദി കാബിനറ്റില്‍ പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ ലോക്സഭാ എംപി സുപ്രിയ സുലെയ്ക്ക് കാബിനറ്റ് പദവി ലഭിക്കുന്നതിനാണ് എന്‍സിപി (എസ്പി) നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നത്. തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് ഇന്ത്യ സഖ്യം അടുത്തിടെ നടത്തിയ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സുപ്രിയ സുലെ ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ അനുകൂലിച്ച് രംഗത്ത് എത്തുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമാകാനുള്ള ശ്രമവും എന്‍സിപി എസ്പി വിഭാഗം നടത്തുന്നു.
അതേസമയം, മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടിയായ ഡിഎംകെ അറിയിച്ചു. സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി. രാജ പറഞ്ഞു. തമിഴ്നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിര്‍ത്തണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എപ്രിലില്‍ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഏറ്റവുമധികം എതിര്‍ത്ത പാര്‍ട്ടികളിലൊന്നായിരുന്നു ഡിഎംകെ. ബില്ലിനെ പിന്തുണ ഡിഎംകെ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates