

ന്യൂഡല്‍ഹി: ഞായറാഴ്ച നടന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് പരീക്ഷാനടത്തിപ്പുകാരായ എന്‍ടിഎയ്ക്ക് രണ്ടാമതൊരു അവസരം നല്‍കിയപ്പോള്‍, വെറും രണ്ട് മിനിറ്റ് വൈകിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആ അവസരം നിഷേധിച്ചുവെന്നാണ് ഉയരുന്ന വിമര്‍ശനം. ഡല്‍ഹിയില്‍ പരീക്ഷാകേന്ദ്രത്തിലെത്തിയ ഒരു വിദ്യാര്‍ഥിനിക്ക് രണ്ട് മിനിറ്റ് വൈകിയതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
തെറ്റായ പരീക്ഷാകേന്ദ്രത്തിലേക്ക് ആദ്യം പോയതിനെ തുടര്‍ന്ന് ശരിയായ കേന്ദ്രത്തിലെത്താന്‍ വൈകിയതാണെന്ന് വിദ്യാര്‍ഥിനി വിശദീകരിച്ചെങ്കിലും അധികൃതര്‍ നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞതിനാല്‍ പ്രവേശനം അനുവദിച്ചില്ല. ഡല്‍ഹിക്ക് പുറമെ മുംബൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ഏതാനും മിനിറ്റുകള്‍ വൈകിയെത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗതക്കുരുക്കില്‍ പെട്ടതുള്‍പ്പെടെയുള്ള കാരണങ്ങളാലാണ് പലയിടത്തും വിദ്യാര്‍ഥികള്‍ എത്താന്‍ വൈകിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് നടന്ന റീ-ടെസ്റ്റ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടത്തിയത്. ബയോമെട്രിക് പരിശോധന, സിസിടിവി നിരീക്ഷണം, എഐ അധിഷ്ഠിത നിരീക്ഷണം എന്നിവയുടെ സഹായത്തോടെ പരീക്ഷ സുതാര്യമായി നടന്നുവെന്ന് എന്‍ടിഎ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ കരയുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പരീക്ഷാ ചട്ടങ്ങളില്‍ കൂടുതല്‍ മാനുഷിക സമീപനം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മേയ് മൂന്നിന് 23 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. മാസങ്ങളും ചിലര്‍ വഷങ്ങളും നീണ്ട പരിശീലനത്തിനൊടുവിലാണ് പരീക്ഷക്കെത്തിയത്. നടത്തിപ്പുകാര്‍ക്കുണ്ടായ പിഴവുകൊണ്ട് പരീക്ഷ അപ്പാടെ റദ്ദാക്കേണ്ടിവന്നു. 'പരീക്ഷാ നടത്തിപ്പുകാര്‍ക്ക് രണ്ടാം അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ലെ'ന്ന എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
2 മണിക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് 1.30 ആണ് ഗേറ്റ് ക്ലോസിങ് സമയം. 11 മണി മുതല്‍ തന്നെ പ്രവേശനം അനുവദിച്ചിരുന്നു. 1.30ന് ശേഷം എത്തിയ ആരെയും പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തന്റേതല്ലാത്ത കാരണത്താലാണ് പലരും വൈകിയത്. മഴയോ ഗതാഗതക്കുരുക്കോ പരീക്ഷാ കേന്ദ്രത്തെ കുറിച്ചുള്ള അവ്യക്തതയോ കാരണം ഏതാനും മിനുറ്റുകള്‍ വൈകുന്ന കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന വിമര്‍ശം ശക്തമാകുകയാണ്.
മധ്യപ്രദേശിലെ വിദിഷയിലാണ് രണ്ടുമിനിറ്റ് വൈകിയതിന് വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചത്. നോഡല്‍ ഓഫിസറുടെ ഇടപെടലിലൂടെ കുട്ടിയെ പരീക്ഷാ കേന്ദ്രത്തിലേക്ക് കടത്തിവിട്ടെങ്കിലും എക്‌സാമിനേഷന്‍ സിസ്റ്റം ഇതിനകം ലോക്കായിരുന്നു. ബയോമെട്രിക് വെരിഫിക്കേഷന്‍ നടത്താനാകാതെ വന്നതോടെ കുട്ടിയുടെ അവസരം നിഷേധിക്കപ്പെട്ടു. കനത്തമഴയും മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായതുമാണ് കുട്ടി എത്താന്‍ വൈകിയതിന്റെ കാരണം. ഇതേ സെന്ററില്‍ സമാന രീതിയില്‍ വൈകിയെത്തിയ മറ്റു രണ്ടുപേര്‍ക്കും അവസരം നഷ്ടമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates