ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്നത് പുതിയ ട്രെൻഡ്- സുപ്രീം കോടതി 

ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്നത് പുതിയ ട്രെൻഡ്- സുപ്രീം കോടതി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ന്യൂഡൽഹി: പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. 2019ൽ രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നടന്ന കൊലപാത​ക കേസിലെ പ്രതിയായ കൃഷ്ണകുമാറിനാണ് ജാമ്യം നിഷേധിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് ഈ കേസിലുമുള്ളത്. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. 

പാമ്പാട്ടികളിൽ നിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെൻഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ രാജസ്ഥാനിൽ സാധാരണമായിരിക്കുകയാണെന്നും ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 

അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എൻജിനീയറിങ് വിദ്യാർഥിയായതിനാൽ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചു. എന്നാൽ പ്രതി ഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം നിഷേധിച്ചു. 

2019 ജൂൺ രണ്ടിനാണ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സുബോദ ദേവിയുടെ മരുമകൾ അല്പന, കാമുകനായ മനീഷ് എന്നിവർക്കെതിരേയായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുബോദ ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. അല്പനയുടെയും മനീഷിന്റെയും സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണകുമാർ. കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

2018 ഡിസംബർ 18നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭർത്താവ് സച്ചിൻ സൈന്യത്തിലായതിനാൽ അൽപനയും ഭർതൃമാതാവായ സുബോദ ദേവിയും മാത്രമാണ് ജുൻജുനുവിലെ വീട്ടിൽ താമസിച്ചിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും സൈനികനാണ്. ഭർത്താവ് രാജേഷും ജോലിയാവശ്യാർഥം മറ്റൊരിടത്തായിരുന്നു താമസം. 

ഭർതൃ വീട്ടിൽ താമസം തുടരുന്നതിനിടെയാണ് ജയ്പുർ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളർന്നു. ഏറെനേരവും അല്പന മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഭർതൃ മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. അധികമായി ഫോണിൽ സംസാരിക്കുന്നതിനെ ഇവർ എതിർക്കുകയും ചെയ്തു. 

പിന്നീടാണ് മരുമകൾ മനീഷുമായി പ്രണയത്തിലാണെന്ന് സുബോദ ദേവിക്ക് മനസിലായത്. ഇതോടെ മരുമകളെ വഴക്കുപറയുകയും ചെയ്തു. സുബോദ ദേവി പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇവരെ കൊലപ്പെടുത്താനായിരുന്നു അല്പനയുടെയും മനീഷിന്റെയും തീരുമാനം. ഒരിക്കലും പിടിക്കപ്പെടാത്തതരത്തിൽ ഇവർ കൊലപാതകം ആസൂത്രണം ചെയ്തു. 

2019 ജൂൺ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസത്തിന് ശേഷമാണ് സംഭവത്തിൽ കുടുംബം പരാതി നൽകിയത്. സുബോദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അല്പനയെ സംശയമുണ്ടെന്നുമായിരുന്നു പരാതി. അല്പനയുടെയും മനീഷിന്റെയും ഫോൺ നമ്പറുകളും പൊലീസിന് കൈമാറി. 

പൊലീസ് നടത്തിയ അന്വേഷണത്തിൽ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തി. സുബോദ ദേവി മരിച്ച ദിവസം ഇരുവരും തമ്മിൽ 124 തവണ ഫോണിൽ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണയാണ് അന്നേ ദിവസം വിളിച്ചത്. ചില മെസേജുകളും ഇവരുടെ ഫോണുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പാമ്പാട്ടിയുടെ കൈയിൽ നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേർന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതൽ മൂന്ന് പ്രതികളും ജയിലിലാണ്. ഇതിനിടെയാണ് കൃഷ്ണകുമാർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com