

ന്യൂഡല്‍ഹി: ദേശീയ പാത 66 കേരളത്തിലെ നിര്‍മാണത്തിലെ അപാകതയുടെ പേരില്‍ പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ചെങ്ങള - നീലേശ്വരം റീച്ചിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് ഒരു വര്‍ഷത്തെ വിലക്കാണ് ദേശീയ പാത അതോറിറ്റി (NHAI) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ കമ്പനിക്ക് പുതിയ കരാറുകള്‍ ഏറ്റെടുക്കാനാകില്ല.
ദേശീയപാതയ്ക്കായി കുന്നിടിച്ച ഭാഗത്ത് സോയില്‍ നെയിലിങ് ചെയ്തതിന് ശേഷവും മണ്ണിടിച്ചിലുണ്ടായ സംഭവം ഉള്‍പ്പെടെ പരിഗണിച്ചാണ് നടപടി. അപാകതയുടെ പേരില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന് 90 ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതുള്‍പ്പെടെ പരിഗണനയില്‍ ആണെന്നും വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദേശീയ പാത അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
തിങ്കളാഴ്ചയായിരുന്നു എന്‍എച്ച്-66 ലെ ചെങ്കള-നീലേശ്വരം സെക്ഷനില്‍ കാസര്‍ഗോഡ് ജില്ലയിലെ ചെര്‍ക്കലയില്‍ സോയില്‍ നെയിലിങ് ചെയ്ത ഭാഗം മണ്ണിടിഞ്ഞ് തകര്‍ന്നത്. രൂപകല്‍പനയിലെ അപാകത, ഉയര്‍ന്ന ചരിവ്, മോശം ഡ്രൈനേജ് സംവിധാനം എന്നിവയാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നും ദേശീയ പാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
തകര്‍ന്നഭാഗം നിര്‍മാണ കമ്പനി സ്വന്തം നിലയില്‍ പുനര്‍നിര്‍മ്മിക്കുമെന്നും തകര്‍ച്ച തുടരുന്നത് തടയാന്‍ പരിഹാര നടപടികള്‍ സ്വീകരിക്കും എന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കുന്നു. എന്‍എച്ച് 66 ന്റെ രൂപകല്‍പ്പന, നിര്‍മ്മാണം എന്നിവ വിലയിരുത്തുന്നതിനായി കേന്ദ്ര റോഡുഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെയും രണ്ട് മുതിര്‍ന്ന ശാസ്ത്രജ്ഞരും പാലക്കാട് ഐഐടിയിലെ മുന്‍ പ്രൊഫസറും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലെ പാളിച്ചകള്‍ക്കുളള പരിഹാരങ്ങളായിരിക്കും സമിതി പരിഗണിക്കുക എന്നും എന്‍എച്ച്എഐ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
