

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിപദം രാജിവെച്ച് രാജ്യസഭയിലേക്ക് പോകുമെന്ന് സ്ഥിരീകരിച്ച് നിതീഷ് കുമാര്‍. തന്റെ മനസ്സില്‍ ഒരു ആഹ്രമുണ്ടായിരുന്നുവെന്നും ആ അഭിലാഷം നിറവേറ്റുന്നതിനായിട്ടാണ് പോകുന്നതെന്നും നിതീഷ് വ്യക്തമാക്കി. എക്സിലൂടെയാണ് നിതീഷിന്റെ പ്രതികരണം. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നിതീഷ് ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും.
നിതീഷ് രാജിവച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കുമെന്നും നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് വിവരം. 'പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും അംഗമാകാനുള്ള ആഗ്രഹം തന്റെ പാര്‍ലമെന്ററി യാത്രയുടെ തുടക്കം ഉണ്ടായിരുന്നതായാണ് നിതീഷ് എക്സില്‍ കുറിച്ചത്. പുതിയ ബിഹാര്‍ സര്‍ക്കാരിന് തന്റെ പൂര്‍ണ്ണ സഹകരണവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടായിരിക്കുമെന്നും നിതീഷ് പറഞ്ഞു.
'രണ്ട് പതിറ്റാണ്ടിലേറെയായി, നിങ്ങള്‍ എന്നില്‍ നിങ്ങളുടെ വിശ്വാസവും പിന്തുണയും സ്ഥിരമായി അര്‍പ്പിച്ചിട്ടുണ്ട്, ആ വിശ്വാസത്തിന്റെ ശക്തിയിലാണ് ബിഹാറിനെയും നിങ്ങളെ എല്ലാവരെയും പൂര്‍ണ്ണ സമര്‍പ്പണത്തോടെ ഞങ്ങള്‍ സേവിച്ചിട്ടുള്ളത്. നിങ്ങളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും ശക്തിയാണ് ഇന്ന് ബിഹാറിന് വികസനത്തിന്റെയും അന്തസ്സിന്റെയും ഒരു പുതിയ മാനം അവതരിപ്പിക്കാന്‍ സാധിച്ചത്, നിങ്ങളുമായുള്ള എന്റെ ബന്ധം ഭാവിയിലും തുടരും. വികസിത ബിഹാര്‍ കെട്ടിപ്പടുക്കാന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള തന്റെ ദൃഢനിശ്ചയം ശക്തമായിരിക്കുമെന്നും താന്‍ പൂര്‍ണ്ണ സത്യസന്ധതയോടെ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും' നിതീഷ് അറിയിച്ചു.
നിതീഷ് കുമാറിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ജെഡിയുവും ബിജെപിയും കൂടിയാലോചിച്ചാണ് തീരുമാനം. മകനെ പിന്‍ഗാമിയാക്കാനുള്ള നിതീഷ് കുമാറിന്റെ ആഗ്രഹവും നീക്കത്തിന് പിന്നിലുണ്ട്. അതേസമയം, നിതീഷ് മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതില്‍ എതിര്‍പ്പുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു, നിതീഷിന്റെ വസതിക്കുമുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates