

ഭുവനേശ്വർ: രാജ്യം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഒറ്റ കോവിഡ് രോഗികൾ പോലുമില്ലാതെ ഒഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. ഗഞ്ചം ജില്ലയിലെ ധനപുർ പഞ്ചായത്തിലെ കരൻചാര ഗ്രാമത്തിൽ ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.261 വീടുകളിലായി 1234 പേരാണ് ഗ്രാമത്തിലുള്ളത്.
കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ആശ പ്രവർത്തകരും അംഗൻവാടി ജീവനക്കാരും വീടുകൾ കയറി ബോധവൽക്കരണം നടത്തുകയും ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തുപോരുന്നുണ്ട്. ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തി ഇവർ നിർദേശങ്ങൾ നൽകും.
ഗഞ്ചം കലക്ടർ അടുത്തിടെ ഗ്രാമം സന്ദർശിക്കുകയും ഗ്രാമവാസികളോട് സംസാരിക്കുകയും ചെയ്തിരുന്നു. 'ഗ്രാമവാസികൾ എല്ലാവരും തന്നെ കോവിഡിനെക്കുറിച്ചും അതിൽ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ചും അറിവുള്ളവരാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും' -കലക്ടർ പറഞ്ഞു.
ഗ്രാമവാസികൾ മുഴുവൻ സമയവും വീട്ടിനുള്ളിൽ ചെലവഴിക്കാനാണ് ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ പുറത്തിറങ്ങാറില്ലെന്നും കലക്ടർ പറഞ്ഞു. ഗ്രാമത്തിലെ യുവാക്കൾ ജോലി ആവശ്യത്തിനായി മുംബൈയിലേക്കും മറ്റും പോയിരുന്നു. എന്നാൽ അവർ തിരിച്ചെത്തിയപ്പോൾ 14 ദിവസം നിർബന്ധിത സർക്കാർ ക്വാറന്റൈൻ സൗകര്യം ഒരുക്കും. രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിക്കൂ -കരൻചാര ഗ്രാമ തലവനായ ത്രിനാഥ് ബെഹേര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates