

ജയ്പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുന്നതിനിടെയാണ് മൈസൂര്‍ പാക്കിന്റെ പേര് മാറ്റുന്നുവെന്ന് പറഞ്ഞ് ജയ്പൂരിലെ ചില കടയുടമകള്‍ രംഗത്തെത്തിയത്. മൈസൂര്‍ പാക്കിന്റെ(Mysore Pak) പേര് മാറ്റാനാവില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബത്തിലെ അംഗം.
മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേര് മാറ്റ് പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കടയുടമകള്‍ പ്രഖ്യാപിച്ചത്. കൊട്ടാരത്തിലെ പാചകക്കാരനായിരുന്നന കാകാസുര മടപ്പയുടെ പിന്‍ഗാമിയാണ് എസ് നടരാജ് എന്ന് പേരുള്ള ഇയാള്‍. ഇപ്പോഴും മൈസൂര്‍ പാക്കുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ പേര് മാറ്റിയതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുള്ളതുപോലെ മൈസൂര്‍ പാക്കിനുമുണ്ട്. അതില്‍ മാറ്റം വരുത്തുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യരുത്, നടരാജ് പറയുന്നു.
പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍ നിന്നാണ് പാക്ക് ഉണ്ടായത്. മൈസൂരിലുണ്ടായ ഭക്ഷണമായതിനാലാണ് മൈസൂര്‍ പാക്ക് എന്ന് വന്നത്. ഇതല്ലാതെ വേറൊന്നും ആ പലഹാരത്തെ വിളിക്കുന്നതില്‍ അര്‍ഥമില്ല. ലോകത്തെവിടെ പോയാലും മൈസൂര്‍ പാക്കാണെന്ന് തിരിച്ചറിയാനും ആ പേര് വിളിക്കാനും കഴിയണം. ആ പേര് മാറ്റാന്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ജനപ്രിയ മധുരപലഹാരമായ മൈസൂര്‍പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതോടെ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച സജീവമായിരുന്നു. മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയിലാണ് മൈസൂര്‍ പാക്ക് ആദ്യമായി പാചകം ചെയ്തത്. രാജാവായ കൃഷ്ണരാജ വൊഡയാര്‍ നാലാമന്റെ ഭരണകാലത്താണ് ഈ പലഹാരം ആദ്യമായുണ്ടാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates