

ഭുവനേശ്വര്‍: മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പുറത്തായ സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒഡിഷ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന് കീഴില്‍ നടന്ന ജനറല്‍ സര്‍ജറി എംഡി/ എംഎസ് (2023-26 ബാച്ച്) പരീക്ഷയിലാണ് ഗുരുതര ക്രമക്കേട് ആരോപിക്കപ്പെട്ടത്. പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോട്ടോയെടുത്ത് അയക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പരീക്ഷാ സമയത്ത് തന്നെ ചില വാട്‌സ്ആപ്പ് നമ്പറുകളില്‍ നിന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങളും പ്രചരിച്ചതായി പരാതിയിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയാണോ എന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പരീക്ഷ തുടങ്ങിയ ശേഷം രാവിലെ 9:58ഓടെയാണ് ചോദ്യപേപ്പര്‍ പുറത്തേക്ക് പോയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതിനാല്‍ പരീക്ഷയ്ക്ക് മുന്‍പ് ചോദ്യങ്ങള്‍ ചോര്‍ന്നതല്ല ഇതെന്നും, പരീക്ഷാ ഹാളില്‍ നിന്ന് അനധികൃത വിവര കൈമാറ്റമാണ് നടന്നതെന്നുമാണ് പരീക്ഷ ബോര്‍ഡ് നിലപാട്.
ഡിജിറ്റല്‍ തെളിവുകള്‍, ടൈംസ്റ്റാമ്പുകള്‍, മെസ്സേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍, ഗ്രൂപ്പുണ്ടാക്കിയ വ്യക്തി, അംഗങ്ങള്‍ എന്നിവരെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് ശ്രമം തുടങ്ങി. പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും നിരോധിച്ചു. തുടര്‍ന്നുള്ള പിജി പരീക്ഷകള്‍ കടുത്ത സുരക്ഷാ നിരീക്ഷണത്തിലായിരിക്കും നടക്കുക.
സംഭവത്തില്‍ നിലവില്‍ ഏതെങ്കിലും സംഘടിത റാക്കറ്റിന്റെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ബര്‍ഹാംപുര്‍ എംകെസിജി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ പ്രൊഫ. ഹരേകൃഷ്ണ ദലൈ അറിയിച്ചു. എന്നാല്‍ ക്രമക്കേടില്‍ ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ അച്ചടക്ക നടപടിയും നിയമനടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates