ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി ലോകനേതാക്കള്‍. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെ നിരവധി ലോകനേതാക്കളാണ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെയും സര്‍ക്കാരിനെയും അനുശോചനം അറിയിച്ചത്. വെള്ളിയാഴ്ച രാത്രി ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 261 പേര്‍ മരിക്കുകയും 900ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
'ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായും പരിക്കേറ്റതുമായ വാര്‍ത്ത തന്നെ അതീവ ദു:ഖിതനാക്കിയെന്ന് ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ നരേന്ദ്രമോദിക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജപ്പാന്‍ ജനതയ്ക്കും സര്‍ക്കാരിനും വേണ്ടി ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'- കിഷിദ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജപ്പാന്‍ വിദേശകാര്യമന്ത്രി യോഷിമാസ ഹയാഷിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അനുശോചന സന്ദേശം അയച്ചു.
ഈ ദുഷ്‌കരമായ സമയത്ത് കാനഡക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു. 'ഇന്ത്യയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും എന്റെ ഹൃദയം തകര്‍ത്തു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് എന്റെ അത്യഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് കാനഡക്കാര്‍ ഇന്ത്യക്കാര്‍ക്കൊപ്പം നില്‍ക്കുന്നു'- 'ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.
നാലുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയും അനുശോചനം അറിയിച്ചു. ഇന്ത്യയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഡസന്‍ കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായതില്‍ താന്‍ അതീവദു:ഖിതനാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി പ്രചണ്ഡ പറഞ്ഞു.
ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി, ഭൂട്ടാന്‍ പ്രധാനമന്ത്രി, ഇറ്റലിയിലെ ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, യുഎന്‍ പ്രസിഡന്റ്, തായ് വാന്‍ പ്രസിഡന്റ് തുടങ്ങി നിരവധി ലോക നേതാക്കള്‍ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അതീവ ദു:ഖം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates