

ബംഗളൂരു: ബംഗളൂരുവിലെ പ്രശസ്ത കോഫി ഷോപ്പില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തുവച്ച് രണ്ടുമണിക്കൂര്‍ നേരം ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ ബംഗളൂരു ഭെല്‍ റോഡിലെ 'തേഡ് വേവ്' കോഫിഷോപ്പിലെ ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് കോഫിഷോപ്പിലെ ശൗചാലയത്തിലെ ചവറ്റുകൊട്ടയില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയില്‍ ഫോണ്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോ റെക്കോഡ് ചെയ്യുന്നതായും ഫോണ്‍ കോഫിഷോപ്പിലെ ജീവനക്കാരന്റേതാണെന്നും വ്യക്തമായി. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സംഭവസമയത്ത് കോഫിഷോപ്പിലുണ്ടായിരുന്ന ഉപയോക്താവ് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഫോണ്‍ കണ്ടെടുക്കുമ്പോള്‍ ഏകദേശം രണ്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അതിനോടകം ഫോണില്‍ പകര്‍ത്തിയതായി കുറിപ്പില്‍ പറയുന്നു. 'ഫ്ലൈറ്റ് മോഡി'ലായിരുന്നു മൊബൈല്‍ഫോണ്‍. ചവറ്റുകുട്ടയില്‍ പ്രത്യേക ദ്വാരമുണ്ടാക്കിയാണ് മൊബൈല്‍ഫോണിന്റെ ക്യാമറവെച്ചിരുന്നത്. ഫോണ്‍ കണ്ടെടുത്തതിന് പിന്നാലെ അത് ഷോപ്പിലെ ജീവനക്കാരന്റേതാണെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചെന്നും നടപടികള്‍ സ്വീകരിച്ചെന്നും കുറിപ്പില്‍ പറയുന്നു.
ഇനി ഏത് ശൗചാലയത്തില്‍ പോയാലും താന്‍ ജാഗരൂകയായിരിക്കുമെന്നും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ ഉടനടി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി 'തേഡ് വേവ്' കോഫി ഷോപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ ആരംഭിച്ചതായും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും കോഫി ഷോപ്പ് അധികൃതര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates