

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. രാഷ്ട്രപതിയോട് കോടതി ഉത്തരവിടുന്ന സാഹചര്യം അനുവദിക്കാനാവില്ല. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, 'ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നു' എന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിര്‍ദേശം നല്‍കുന്നത് ?. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നമ്മള്‍ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. ഉപരാഷ്ട്രപതി ചോദിച്ചു.
സമയബന്ധിതമായി തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ അത് നിയമമായി മാറുന്നു. അതിനാല്‍ നിയമനിര്‍മ്മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ നിയമം ബാധകമല്ല. അതിനാല്‍ തന്നെ അവര്‍ക്ക് ആരോടും ഉത്തരവാദിത്തമില്ല. ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം ഭരണഘടന വ്യാഖ്യാനിക്കുക എന്നതാണ് സുപ്രീംകോടതിക്കുള്ള അവകാശം. അത് അഞ്ചോ അതിലധികമോ ജഡ്ജിമാർ ഉള്ള ബെഞ്ചായിരിക്കണം. ആര്‍ട്ടിക്കിള്‍ 142 ഇപ്പോള്‍ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നു. ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ അനധികൃത പണം കണ്ടെടുത്ത സംഭവത്തില്‍ സുപ്രീംകോടതി നടത്തുന്ന അന്വേഷണത്തെയും ഉപരാഷ്ട്രപതി വിമര്‍ശിച്ചു. സുപ്രീംകോടതിക്ക് അന്വേഷണം നടത്താന്‍ എന്താണ് അധികാരമുള്ളത്. ഏതൊരു അന്വേഷണവും എക്‌സിക്യൂട്ടീവിന്റെ പരിധിയില്‍ വരും. മൂന്ന് ജഡ്ജിമാരുടെ സമിതി എന്തിനാണ് കള്ളപ്പണ കേസ് പരിശോധിക്കുന്നത്. പാര്‍ലമെന്റില്‍ നിന്നുള്ള ഏതെങ്കിലും നിയമപ്രകാരം അനുമതിയുള്ള മൂന്ന് ജഡ്ജിമാരുടെ കമ്മിറ്റിയാണോ ഇത്? അതല്ല. ഈ സമിതിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും ഉപരാഷ്ട്രപതി ചോദിച്ചു.
ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തുന്ന സംഭവം മാര്‍ച്ച് 14 ന് രാത്രിയാണ് ഉണ്ടാകുന്നത്. എന്നാല്‍ ഒരാഴ്ച സംഭവം ആരും അറിഞ്ഞില്ല. മാര്‍ച്ച് 21 നാണ് സംഭവം പുറംലോകം അറിയുന്നത്. ഇത്ര കാലതാമസം ഉണ്ടായതിന് എന്തു വീശദീകരണമാണ് പറയാനുള്ളത്. ഈ വിഷയത്തില്‍ ഒരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ രാജ്യത്ത് ആര്‍ക്കും, ഏതൊരു ഭരണഘടനാ ചുമതല വഹിക്കുന്ന ആള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അതിന് അനുമതി ആവശ്യമില്ല. എന്നാല്‍ ജഡ്ജിമാരാണെങ്കില്‍, എഫ്ഐആര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ജുഡീഷ്യറിയില്‍ ബന്ധപ്പെട്ടവര്‍ അത് അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് ഭരണഘടന അനുവദിച്ചിട്ടില്ല. ഉപരാഷ്ട്രപതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
