

ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ കൃത്യതയോടെയും രഹസ്യമായും നടത്തിയ സൈനിക ആക്രമണത്തില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേന തൊടുത്തത്.
രണ്ട് ഭീകര ഗ്രൂപ്പുകളായ ലഷ്‌കര്‍-ഇ-തയ്ബയുടെയും ജയ്ഷ്-ഇ-മുഹമ്മദിന്റെയും താവളങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ വ്യോമ ക്രൂയിസ് മിസൈല്‍ ആണ് സ്‌കാല്‍പ്.1,300 കിലോഗ്രാം ഭാരമുള്ള ഇതിന് ഉറപ്പുള്ള ഭീകരരുടെ ബങ്കറുകള്‍, ഭീകരരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. ആ നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് മിസൈലിന് കൃത്യത കൈവരിക്കാന്‍ കഴിഞ്ഞത് ഇനേര്‍ഷ്യല്‍ നാവിഗേഷന്‍, ജിപിഎസ്, ടെറൈന്‍ മാപ്പിങ് എന്നിവ സംയോജിപ്പിച്ച നൂതന നാവിഗേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. യൂറോപ്യന്‍ പ്രതിരോധ കണ്‍സോര്‍ഷ്യമായ എംബിഡിഎയാണ് ഈ മിസൈല്‍ വികസിപ്പിച്ചത്.
ശക്തമായ ബങ്കറുകളും വെടിക്കോപ്പുകളും നശിപ്പിക്കുന്നതിന് സ്‌കാല്‍പ് മിസൈല്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രദേശത്തിനകത്തെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രൈന്‍ ഇതേ മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്. ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ മിസൈലിന്റെ ഓണ്‍ബോര്‍ഡ് ഇന്‍ഫ്രാറെഡ് സീക്കര്‍ ലക്ഷ്യസ്ഥാനത്തെ ചിത്രവുമായി പൊരുത്തപ്പെടുന്നു. ഇത് ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ സഹായിക്കുന്നു. മിസൈല്‍ അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് കുതിക്കുന്നത്. ഇതുമൂലം ശത്രുരാജ്യത്തിന്റെ റഡാറില്‍ മിസൈല്‍ ശ്രദ്ധയില്‍പ്പെടില്ല എന്ന നേട്ടവുമുണ്ട്.
ഹാമ്മര്‍ ബോംബ്
ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശക്തി പകരുന്നത് ഹാമര്‍ (Highly Agile Modular Munition Extended Range) ബോംബാണ്. ഇത് പലപ്പോഴും ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്നു. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും. റഫാല്‍ വിമാനങ്ങള്‍ക്ക് ഒരേസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാകും.
ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാന്‍ വികസിപ്പിച്ചെടുത്ത ഹാമ്മര്‍ ഇലക്ട്രോണിക് ജാമിംഗിനെ പ്രതിരോധിക്കും. കൂടാതെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ താഴ്ന്ന ഉയരത്തില്‍ നിന്ന് വിക്ഷേപിക്കാനും കഴിയും. തടസ്സങ്ങള്‍ ഒഴിവാക്കാനും ഉറപ്പുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനുമുള്ള ഇതിന്റെ കഴിവ് ഇതിനെ വളരെ ഫലപ്രദമായ ഒരു പ്രഹരശേഷിയുള്ള ആയുധമാക്കി മാറ്റുന്നു. ഇവയുടെ 70 കിലോമീറ്റര്‍ പ്രഹരപരിധി ഇന്ത്യന്‍ ജെറ്റുകള്‍ക്ക് ശത്രു റഡാറുകളില്‍ നിന്നും മിസൈല്‍ സംവിധാനങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ കഴിയും. ഈ ബോംബുകള്‍ ഭീകര വിക്ഷേപണ കേന്ദ്രങ്ങളെയും കമാന്‍ഡ് പോസ്റ്റുകളെയും നിര്‍വീര്യമാക്കുന്നതിന് അനുയോജ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates