

മുംബൈ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കുവേണ്ടിയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'ലഡ്കി ബഹിന്‍ യോജന' എന്ന പദ്ധതിയില്‍ നിന്ന് 14,000 ലധികം പുരുഷന്‍മാര്‍ ആനുകൂല്യം പറ്റിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം അവതരിപ്പിച്ച പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ 21 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ ധനസഹായമായി നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2024 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം പദ്ധതി പ്രഖ്യാപിച്ചത്.
വനിത-ശിശു വികസനവകുപ്പ് (ഡബ്ല്യുസിഡി) നടത്തിയ കണക്കെടുപ്പിലാണ് 21.44 കോടി രൂപ 14,298 പുരുഷന്‍മാര്‍ക്ക് പദ്ധതിയിലൂടെ ലഭിച്ചതായി വ്യക്തമായത്. സ്ത്രീകളാണെന്ന വ്യാജേന ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയാണ് പുരുഷന്മാര്‍ പണം അപഹരിച്ചത്. പദ്ധതി നടപ്പിലാക്കി പത്തു മാസത്തിന് ശേഷമാണ് ദുരുപയോഗം പുറത്തുവരുന്നത്. ലഡ്കി ബഹിന്‍ പദ്ധതി പാവപ്പെട്ട സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയതാണെന്നും നിലവില്‍ നടന്ന തട്ടിപ്പ് ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
അര്‍ഹതയില്ലാത്ത നിരവധി പേര്‍ പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ കയറിക്കൂടിയതിലൂടെ 1,640 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഒരേ കുടുംബത്തില്‍ നിന്ന് പദ്ധതിയില്‍ ഒന്നിലധികം സ്ത്രീകള്‍ പേരുചേര്‍ത്തു. 7.97 ലക്ഷം സ്ത്രീകള്‍ ഇത്തരത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതായും ഇതിലൂടെ മാത്രം 1,196 കോടി രൂപ ഖജനാവിന് നഷ്ടം വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 65 വയസ്സിനുമേല്‍ പ്രായമുള്ള 2.87 ലക്ഷം സ്ത്രീകള്‍ പദ്ധതിയുടെ ഗുണഫലം നേടിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് 431.7 കോടി രൂപ നഷ്ടം വരുത്തി. സ്വന്തമായി കാറുകളുള്ള കുടുംബങ്ങളിലെ സ്ത്രീകളും പദ്ധതിയില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. 1.62 ലക്ഷം സ്ത്രീകളാണ് ഇത്തരത്തില്‍ പദ്ധതിയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates