

അഹമ്മദാബാദ്: കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പാകിസ്ഥാനും കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം പരസ്യമാണ്. കോണ്‍ഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി പരിഹസിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുജറാത്തിലെ ആനന്ദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമര്‍ശനം. ഇന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണ്. അപ്പോള്‍ പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരാനായി പ്രാര്‍ത്ഥനയിലാണെന്ന് മോദി പറഞ്ഞു. പാകിസ്ഥാനും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോള്‍ പൂര്‍ണ്ണമായും വെളിപ്പെട്ടിരിക്കുകയാണ്.
ദുര്‍ബ്ബലമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരതയുടെ യജമാനന്മാര്‍ക്ക് രേഖകള്‍ നല്‍കിയെന്ന് മുന്‍ യുപിഎ സര്‍ക്കാരിനെ ഉദ്ദേശിച്ച് മോദി ആരോപിച്ചു. എന്നാല്‍ മോദിയുടെ ശക്തമായ സര്‍ക്കാര്‍ ഭീകരരെ അവരുടെ മണ്ണില്‍ കൊല്ലുന്നു. ഇവിടെ കോണ്‍ഗ്രസ് മരിക്കുകയും അവിടെ പാകിസ്ഥാന്‍ കരയുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്. സ്‌നേഹത്തിന്റെ കട എന്നു കോണ്‍ഗ്രസ് വിശേഷിപ്പിക്കുമ്പോള്‍, അത് വ്യാജ വസ്തുക്കളുടെ ഫാക്ടറി ആയി മാറിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
യുപിഎ ഭരണത്തെ 'ശാസന്‍കാല്‍' (ഭരണകാലം) എന്നും നിലവിലെ എന്‍ഡിഎ ഭരണത്തെ 'സേവകാല്‍' (സേവന കാലം) എന്നും പരാമര്‍ശിച്ച പ്രധാനമന്ത്രി, കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണത്തില്‍ 60 ശതമാനം ഗ്രാമീണര്‍ക്കും ശൗചാലയ സൗകര്യമില്ലായിരുന്നു. വെറും 10 വര്‍ഷം കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഈ നേട്ടം കൈവരിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) നല്‍കുന്ന സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കാനായി ഭരണഘടന മാറ്റിയെഴുതാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വര്‍ഷമായ 2047 ല്‍ ഇന്ത്യ വികസിത ഭാരതം ആകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates