

ന്യൂഡല്‍ഹി: ബാങ്കിങ്ങ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന നിയമ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ നിരയിലെ ഇടത് അംഗങ്ങളുടെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് ബാങ്കിങ് നിയമ (ഭേദഗതി) ബില്‍ 2024 രാജ്യസഭ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയത്.
ഒരു അക്കൗണ്ടിന് നാല് നോമിനികളെ വരെ നിര്‍ദേശിക്കാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. ബാങ്ക് ഡയറക്ടര്‍ഷിപ്പുകളുടെ പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 2 കോടി രൂപയായി ഉയര്‍ത്തുക. നിലവിലുള്ള രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകള്‍ക്ക് പകരം റെഗുലേറ്ററി റിപ്പോര്‍ട്ടിങ്ങ് എല്ലാ മാസവും 15-ാം തീയതിയും അവസാനത്തെ തീയതിയും ആയി സമയപരിധി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
അക്കൗണ്ട് ഉടമയുടെ മരണ ശേഷം പല അക്കൗണ്ടുകള്‍ക്കും അവകാശികളില്ലാതെ പോകുന്നത് തടയാനാണ് പുതിയ ഭേദഗതിയെന്നാണ് പ്രധാന വിശദീകരണം. സേഫ് കസ്റ്റഡി/സേഫ് ലോക്കര്‍ എന്നിവയുടെ നോമിനികള്‍ക്ക് സക്‌സസീവ് നോമിനേഷന്‍സ് മാത്രമേ അനുവദിക്കൂ. ആദ്യത്തെ നോമിനി ലഭ്യമല്ലെങ്കില്‍, അടുത്ത നോമിനിയെ പരിഗണിക്കുന്ന രീതിയാണിത്. നിയമപരമായ പാരമ്പര്യ പിന്തുടര്‍ച്ചാവകാശങ്ങളിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുക എന്നതും ഭേദഗതി ലക്ഷ്യമിടുന്നു.
ഇതിന് പുറമെ സഹകരണ ബാങ്കുകളുടെ ചെയര്‍മാന്‍ ഒഴികെയുള്ള ഡയറക്ടര്‍മാരുടെ കാലാവധി 8 വര്‍ഷം വരെയായിരുന്നത് 10 വര്‍ഷമാക്കി ഉയര്‍ത്തും. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ 5 വര്‍ഷമാണ് കാലാവധി. രണ്ട് തവണ ഡയറക്ടാകുന്ന വ്യക്തി 8ാം വര്‍ഷം സ്ഥാനമൊഴിയേണ്ടി വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. അര്‍ബന്‍ സഹകരണ ബാങ്കുകളിലും, കേരള ബാങ്കിലും ഇത് ബാധകമാകും. ബാങ്കിങ് റെഗുലേഷന്‍സ് ആക്ട് ഭേദഗതിയാണ് ഇതിന് വഴിയൊരുക്കുന്നത്. പുതിയ ഭേദഗതി നടപ്പാകുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ അടക്കം ഓഡിറ്റ് ക്വാളിറ്റി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നിര്‍ദിഷ്ട നിയമ ഭേദഗതി രാജ്യത്തെ ബാങ്കിങ് വളര്‍ച്ചയെ മുരടിപ്പിക്കും എന്ന് പ്രതിപക്ഷം ആരോപിച്ചു. അതിവേഗം വളരുന്ന സാമ്പത്തിക രംഗത്തിന് യോജിച്ചതല്ല ഭേദഗതിയിലെ പല നിര്‍ദേശങ്ങളും. അഞ്ചോളം സുപ്രധാനമായ നിയമങ്ങളില്‍ ഒറ്റയടിക്ക് ഭേദഗതി വരുത്താനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നതാണ് എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് പ്രതിനിധി അഡ്വ. ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. ബില്ലിലെ വ്യവസ്ഥകള്‍ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് എന്‍സിപി എസ്എസ്പി അംഗം ഫൗസിയ ഖാനും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം വന്‍കിട കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി കൈകാര്യം ചെയ്യപ്പെടുന്ന നിലയുണ്ടെന്നായിരുന്നു സി.പി.ഐ അംഗം പി.പി. സുനീര്‍ സഭയില്‍ ഉയര്‍ത്തിയ ആരോപണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 16.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി, ഇത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമണ് ഗുണം ചെയ്തതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ പഴുതുകള്‍ അടച്ചുകൊണ്ട് രാജ്യത്തെ ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഭേദഗതിയെന്ന് ബിജെപി അംഗങ്ങള്‍ അവകാശപ്പെട്ടു.
1934 ലെ റിസര്‍വ് ബാങ്ക് നിയമം, 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെ ബാങ്കിംഗ് കമ്പനികള്‍ (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകള്‍) നിയമം, ബാങ്കിംഗ് കമ്പനികള്‍ (അണ്ടര്‍ടേക്കിംഗുകളുടെ ഏറ്റെടുക്കലും കൈമാറ്റവും) നിയമം, 1980 എന്നിവ ഭേദഗതി ചെയ്താണ് ബാങ്കിങ് നിയമ (ഭേദഗതി) ബില്‍ 2024 തയ്യാറാക്കിയിരിക്കുന്നത്. 2023-24 ലെ ബജറ്റ് പ്രസംഗത്തിലായിരുന്നു ധനമന്ത്രി ഭേദഗതികള്‍ ആദ്യം പ്രഖ്യാപിച്ചത്. ബില്‍ ശബ്ദ വോട്ടോടെ നേരത്തെ കഴിഞ്ഞ ഡിസംബരില്‍ ലോക്‌സഭയും പാസാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates