പാര്‍ട്ടി പറയാതെ പര്യടനത്തിനില്ല; പ്രതിനിധി സംഘത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് യൂസഫ് പഠാന്‍

സര്‍വകക്ഷി സംഘം ബഹിഷ്‌കരിക്കില്ലെന്നും സംഘത്തിലേക്കുള്ള പാര്‍ട്ടി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.
  Yusuf Pathan
യൂസഫ് പഠാന്‍
Updated on: 
1 min read

കൊല്‍ക്കത്ത: പാക് ഭീകരത ലോകത്തെ തുറന്നുകാട്ടാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ യൂസഫ് പഠാന്‍. സര്‍വകക്ഷി സംഘം ബഹിഷ്‌കരിക്കില്ലെന്നും സംഘത്തിലേക്കുള്ള പാര്‍ട്ടി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.

ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ജെഡിയു എംപി സഞ്ജയ് ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിലായിരുന്നു പഠാന്റെ പേരുണ്ടായിരുന്നത്. മുന്‍ ക്രിക്കറ്റ്താരവും ബഹറാംപൂര്‍ എംപിയുമായ യൂസഫ് പഠാന്‍ സംഘത്തില്‍ നിന്നും പിന്‍മാറുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകാന്‍ ടിഎംസി ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യയെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്‍മാറുകയായിരുന്നു. എന്നാല്‍ പഠാന്റെ പിന്‍മാറ്റത്തിനുള്ള കാരണം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല

സര്‍വകക്ഷി സംഘത്തിലേക്കുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ തെരഞ്ഞെടുത്ത രീതി ഏകപക്ഷീയമായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. സര്‍വകക്ഷി സംഘത്തിലുള്ള ടിഎംസി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം പാര്‍ട്ടിക്കാണെന്ന് മമത ബാനര്‍ജി പറഞ്ഞു. പാക് ഭീകരത തുറന്നുകാണിക്കാനുള്ള വിദേശ പര്യടനം നടത്തുന്ന സംഘത്തെ പാര്‍ട്ടി ബഹിഷ്‌കരിക്കില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്നും പാര്‍ട്ടിക്ക് ഔപചാരികക്ഷണം ലഭിച്ചാല്‍ സംഘത്തിലേക്ക് പാര്‍ട്ടി പ്രതിനിധിയെ അയക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സണ്‍ താനാനണ്. അത്തരമൊരു വിവരം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. പാര്‍ട്ടിയെ അറിയിച്ചാല്‍ സര്‍വകക്ഷിസംഘത്തിലേക്ക് പ്രതിനിധിയെ അയക്കും. പാക് ഭീകരതയ്‌ക്കെതിരെ പാര്‍ട്ടി പൂര്‍ണമായും സര്‍ക്കാരിനൊപ്പമാണ്. ഒരു പ്രതിനിധിയുടെ പേര് ആവശ്യപ്പെട്ടാല്‍ അഞ്ച് പ്രതിനിധികളുടെ പേര് നല്‍കുമായിരുന്നെന്നും മമത പറഞ്ഞു.

പാക് ഭീകരത ലോകരാജ്യങ്ങളെ തുറന്നുകാണിക്കുകയാണ് സര്‍വകക്ഷി സംഘത്തിന്റെ പര്യടനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏഴ് സംഘങ്ങളായാണ് യാത്ര. ബിജെപി അംഗങ്ങളായ ബൈജയന്ത് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, ജെഡിയു എംപി സഞ്ജയ് ഝാ. ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെ, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ഡിഎംകെ എംപി കനിമൊഴി, എന്‍സിപി ശരദ് പവാര്‍ എംപി സുപ്രിയ സുലേ എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Yusuf Pathan
Chandy Oommen
Mathew Kuzhalnadan
CPM Does Not Protect Sexual Harassers, Says Senior Leader PK Sreemathy
X

FOLLOW US

ON GOOGLE DISCOVER