

നുണകള്‍ പലകുറി ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാകില്ല.. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടി ഉറച്ച ഭാഷയില്‍ ആയിരുന്നു ഇന്ത്യയുടെ മറുപടി. യുഎന്‍ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി പെറ്റല്‍ ഗെലോട്ടായിരുന്നു ഇന്ത്യയ്ക്കായി മറുപടി നല്‍കിയത്. പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെ പെറ്റല്‍ ഗെലോട്ടും വലിയ ശ്രദ്ധനേടുകയാണ്.
ആരാണ് പെറ്റല്‍ ഗെലോട്ട്?
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം അഡൈ്വസറാണ് നിലവില്‍ പെറ്റല്‍ ഗെലോട്ട്. 2023 ജൂലൈയിലാണ് പെറ്റല്‍ ഗെലോട്ടിനെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറിയായി നിയമിച്ചത്. 2015 ലാണ് പെറ്റല്‍ ഗെലോട്ട് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്റെ (ഐഎഫ്എസ്) ഭാഗമാകുന്നത്.
യുഎന്നില്‍ എത്തും മുന്‍പ് 2020 - 2023 സമയങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ യൂറോപ്യന്‍ വെസ്റ്റ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ പാരീസിലെയും സാന്‍ ഫ്രാന്‍സിസ്‌കോയിലെയും ഇന്ത്യന്‍ മിഷനുകളിലും കോണ്‍സുലേറ്റിലും പെറ്റല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു രാഷ്ട്രതന്ത്രത്തിലും ഭരണത്തിലും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പേറ്റല്‍ ഗെലോട്ട് ഐഎഫ്‌സിലേക്ക് മാറുന്നത്. മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളജില്‍ നിന്ന് രാഷ്ട്രീയം, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയില്‍ ബിരുദം നേടി. ഭാഷാ വ്യാഖ്യാനത്തിലും വിവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദമുണ്ട്.
നയതന്ത്രജ്ഞ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും സംഗീതത്തിലും തല്‍പ്പരയാണ് പെറ്റല്‍ ഗെലോട്ട്. ഗിറ്റാര്‍ വായിക്കുന്നതിന്റെ വിഡിയോകള്‍ ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പതിവായി പോസ്റ്റ് ചെയ്യാറുമുണ്ട് പെറ്റല്‍ ഗെലോട്ട്.
2023 ലും പാകിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഎന്നില്‍ പെറ്റല്‍ ഗെലോട്ട് നടത്തിയ പ്രസംഗം ചര്‍ച്ചയായിരുന്നു. പാകിസ്ഥാന്റെ അന്നത്തെ താല്‍ക്കാലിക പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കക്കര്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതിനുള്ള മറുപടി പ്രസംഗമായിരുന്നു ചര്‍ച്ചയായത്.
ഷെരീഫിന്റെ പ്രസ്താവനകള്‍ അസംബന്ധ പരാമര്‍ശങ്ങളാണെന്നും പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി വികലമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നമായിരുന്നു ഇത്തവണ പറ്റല്‍ ഗെലോട്ട് ഉയര്‍ത്തിക്കാട്ടിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയുമാണ്. എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ല. ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികളെ പാക് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരര്‍ക്ക് എന്നും അഭയസ്ഥാനമാണ് പാകിസ്ഥാന്‍. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിന്‍ലാദന് അഭയം നല്‍കിയത്. പാകിസ്ഥാനില്‍ ഭീകരവാദ ക്യാംപുകള്‍ നടത്തുന്നതായി മന്ത്രിമാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റല്‍ ഗെലോട്ട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates