മോഹന്‍ കുമാരമംഗലം, സഞ്ജയ്ഗാന്ധി തുടങ്ങി നടി സൗന്ദര്യ വരെ; അപകടം വിട്ടൊഴിയാതെ ഇന്ത്യന്‍ ആകാശം

കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ 19 പ്രധാന വിമാനാപകടങ്ങളിലായി ഏകദേശം 1449 പേര്‍ മരിച്ചതായാണ് കണക്കുകള്‍
Sanjay Gandhi, Soundarya, Plane crash
Sanjay Gandhi, Soundarya, Plane crashfile
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ 19 പ്രധാന വിമാനാപകടങ്ങളിലായി ( Plane Crash ) ഏകദേശം 1449 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ 110 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മുമ്പുണ്ടായിട്ടുള്ള ആകാശദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരില്‍ രാജ്യത്തെ നിരവധി നേതാക്കളും ഉള്‍പ്പെടുന്നു.

കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ കുമാരമംഗലം (1973), കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ഗാന്ധി (1980), മാധവറാവു സിന്ധ്യ (2001), ലോക്‌സഭാ സ്പീക്കര്‍ ജി എം സി ബാലയോഗി (2002), ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി (2009) തുടങ്ങിയവര്‍ വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇതു രണ്ടാം തവണയാണ് വിമാനദുരന്തമുണ്ടാകുന്നത്. 1988 ഒക്ടോബര്‍ 19-ന് ആയിരുന്നു മുമ്പ് അപകടമുണ്ടായത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 133 പേരാണ് അന്ന് മരിച്ചത്.

രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ആകാശദുരന്തം ഉണ്ടായത് 1998 നവംബര്‍ 12 നാണ്. ഹരിയാണയില്‍ സൗദി എയര്‍വേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്സിന്റെ ടു യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേരാണ് മരിച്ചത്.

2010 മേയ് 22 നാണ് മറ്റൊരു വലിയ ആകാശദുരന്തം ഇന്ത്യ നേരിട്ടത്. ദുബായില്‍ നിന്ന് വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ച് 158 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

1976 ഒക്ടോബര്‍ 12 നാണ് മറ്റൊരു വലിയ ആകാശദുരന്തമുണ്ടാകുന്നത്. ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികള്‍ അടക്കം 95 പേര്‍ മരിച്ചു. അപകടത്തില്‍ മലയാള സിനിമാ നടി റാണി ചന്ദ്രയും അമ്മയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

2004 ഏപ്രിൽ 17-നാണ് നടി സൗന്ദര്യ വിമാനാപകടത്തിൽ മരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകരുകയായിരുന്നു. ബെം​ഗളൂരുവിനടുത്ത് ജക്കൂരിലായിരുന്നു അപകടം. നടി സഞ്ചരിച്ച അ​ഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ സൗന്ദര്യ, സഹോദരൻ, മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ് എന്നിവരുൾപ്പെടെ നാലുപേരാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com