ബെര്‍ലിന്‍: അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്നും ബാക്കി അഴിമതിയാണെന്നുമുള്ള രാജീവ് ഗാന്ധിയുടെ വാക്കുകളാണ് മോദി സൂചിപ്പിച്ചത്. എന്നാല്‍ ബിജെപി ഭരണത്തില്‍ എല്ലാ ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തുന്നതായി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ഭരണനിര്‍വഹണം നടത്തുന്നത്. പുതിയ ഇന്ത്യയുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് നിലവില്‍ ഒരു പ്രധാനമന്ത്രിയും പറയില്ലെന്നും മോദി പറഞ്ഞു.
തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും അവയെ പ്രശംസിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ എന്നുപറയുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ജനത. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താന്‍. മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തിന് 'ഒരു ബട്ടണ്‍' അമര്‍ത്തിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ജനത അന്ത്യം കുറിച്ചത്. 30 വര്‍ഷത്തിന് ശേഷം 2014ല്‍ പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ അതേ സര്‍ക്കാരിനെ ഇന്ത്യന്‍ ജനത കൂടുതല്‍ ശക്തമാക്കി.
സര്‍ക്കാര്‍ വിവിധ പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിഷ്കാരങ്ങള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ രാജ്യം മുന്‍പന്തിയിലാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates