

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ തന്റെ കടമകള്‍ ഉത്തരവാദിത്വത്തോടെയുള്ള മന്‍മോഹന്‍സിങ്ങിന്റെ പ്രവര്‍ത്തനം സഭയിലെ അംഗങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള്‍ക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാജ്യസഭയിലെ ഒരു നിര്‍ണായക നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട അവസരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കെ മന്‍മോഹന്‍ സിങ്ങ് വീല്‍ചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ അഭിനന്ദനം. സഭയിലെ വോട്ടെടുപ്പില്‍ ഭരണപക്ഷം വിജയിക്കുമെന്നത് അദ്ദേഹത്തിന് അറിയാം. പക്ഷെ അദ്ദേഹം വീല്‍ ചെയറില്‍ എത്തി വേട്ടുചെയ്തു. ഒരു അംഗം തന്റെ കടമകളില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിത്; പ്രധാനമന്ത്രി പറഞ്ഞു.
വോട്ടെടുപ്പില്‍ അദ്ദേഹം ആരെയാണ് പിന്തുണച്ചത് എന്നതിനല്ല പ്രാധാന്യം. എന്നാല്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. ദീര്‍ഘായുസ്സോടെ അദ്ദേഹം തങ്ങളെ നയിക്കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2023 ഓഗസ്റ്റില്‍ ഡല്‍ഹി ബില്ലുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ വീല്‍ചെയറിലായിരുന്നു മന്‍മോഹന്‍ സിങ് എത്തിയത്. കൂടാതെ, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും അദ്ദേഹം വീല്‍ചെയറിലായിരുന്നു രാജ്യസഭയിലെത്തിയത്.
നേതാവെന്ന നിലയില്‍ പ്രതിപക്ഷത്തായാലും മന്‍മോഹന്‍ സിങ്ങ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ക്ക് വലിയ ആയുസില്ല. എന്നാല്‍, ഇരുസഭകളേയും രാജ്യത്തെയും അദ്ദേഹം നയിച്ച രീതി ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ക്ക് നന്ദി അറിയിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ പ്രവര്‍ത്തനം നല്ലതായിരുന്നു. നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും മോശമായതിനെ വിമര്‍ശിക്കുകയും വേണം. പ്രധാനമന്ത്രിയുടെ നല്ലവാക്കുകള്‍ക്ക് നന്ദിയെന്ന് ഖാര്‍ഗെ പറഞ്ഞു.
ആറ് തവണ എംപിയായ മന്‍മോഹന്‍ സിങ്ങ് 2004 മുതല്‍ 2014 വരെ രാജ്യത്തിന്റെ 13-ാമത് പ്രധാനമന്ത്രിയായിയിരുന്നു. പിവി നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയും, 1982-1985 കാലഘട്ടത്തില്‍ ആര്‍ബിഐ ഗവര്‍ണറുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates