പട്‌ന: മറ്റുള്ളവരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്ന തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന് സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ കാലിടറി. നേതാക്കള്‍ക്ക് ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആത്മവിശ്വസം പകര്‍ന്നതുപോലെ എളുപ്പമല്ല ഗ്രൗണ്ടിലിറങ്ങിയുള്ള കളിയെന്ന് ഇപ്പോള്‍ പ്രശാന്ത് കിഷോറിന് ബോധ്യമായി കാണണം. ഒരിടത്തു പോലും ജയിക്കാന്‍ അവസരം നല്‍കിയില്ല ബിഹാര്‍ ജനത. ശാസ്ത്രജ്ഞരും അഭിഭാഷകരും ഉള്‍പ്പടെ പ്രഗത്ഭരെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ഒരിടത്തും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ജന്‍സുരാജ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
150 സീറ്റിനു മുകളില്‍ കിട്ടുമെന്നും അതില്‍ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. ആ പ്രതീക്ഷ കൊണ്ടാണ് ഇരു മുന്നണികളുടെയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചത്. മധ്യവര്‍ഗ വോട്ടുകളായിരുന്നു ലക്ഷ്യമിട്ടത്. ദര്‍ഭംഗ, ജോകിഹട്ട് (അരാരിയ), മര്‍ഹൗറ (സരണ്‍), ചിരായ (കിഴക്കന്‍ ചമ്പാരന്‍) എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 15 സീറ്റുകളിലെങ്കിലും ജെഎസ്പി ശക്തമായ പോരാട്ടം നടത്തുമെന്നായിരുന്നു വിലയിരുത്തലെങ്കിലും പരമാവധി അഞ്ചു സീറ്റ് വരെയാണ് ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ ഭൂരിഭാഗം എക്‌സിറ്റ്‌പോളും ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നായിരുന്നു പറഞ്ഞത്.
നരേന്ദ്രമോദി 2014ല്‍ പ്രധാനമന്ത്രിയായതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ മാര്‍ക്കറ്റ് കുതിച്ചുയര്‍ന്നത്. മോദി പ്രഭാവം സൃഷ്ടിച്ചത് കിഷോറിന്റെ തന്ത്രജ്ഞതയായിരുന്നു. ചായ് പേ ചര്‍ച്ചയിലൂടെ രാജ്യമെങ്ങും ആ സ്വാധീനമെത്തി. അധികാരം കയ്യാളുന്ന പാര്‍ട്ടിയില്‍ തന്റെ ആശയങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കണ്ടതോടെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷിനൊപ്പം പ്രശാന്ത് ചേര്‍ന്നു. 2015നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎയെ തറപറ്റിച്ചു. മഹാസഖ്യത്തിന്റെ ഈ ജയം പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് എന്ന പ്രശാന്ത് കിഷോറിന്റെ പെരുമ ഉയര്‍ത്തി.
ജെഡിയുവിന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പ്രശാന്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ മറനീക്കി പുറത്തുവന്നത്. 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം തയ്യാറാക്കിയെങ്കിലും ഫലവത്തായില്ല. 2019ല്‍ വൈഎസ്ആര്‍സിപിക്ക് വേണ്ടി ആന്ധ്രയിലും 2020ല്‍ എഎപിക്കും 2021ല്‍ തൃണമൂലിനും ഡിഎംകെയ്ക്കും പ്രശാന്ത് തന്ത്രങ്ങള്‍ മെനഞ്ഞു. തൃണമൂലിന്റെയും ഡിഎംകെയുടെയും വിജയങ്ങള്‍ക്ക് പിന്നാലെയായിരുന്നു സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള തന്ത്രം പ്രശാന്ത് ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates