ന്യൂഡല്‍ഹി: നഗരങ്ങളില്‍ കൂടുതലായി പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം കുറയ്ക്കാന്‍ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി പത്തുമുതല്‍ വിതരണം ചെയ്യുന്ന കരുതല്‍ വാക്‌സിന്‍ സംബന്ധിച്ച് വ്യക്തത വന്നു. നേരത്തെ രണ്ടു ഡോസായി ലഭിച്ച വാക്‌സിന്‍ തന്നെയാണ് കരുതല്‍ വാക്‌സിനായി നല്‍കുക എന്ന് വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ പറഞ്ഞു. നേരത്തെ കോവാക്‌സിന്‍ ആണ് ലഭിച്ചതെങ്കില്‍ കരുതല്‍ വാക്‌സിനായി അതുതന്നെയാണ് നല്‍കുക. കോവിഷീല്‍ഡാണെങ്കില്‍ വീണ്ടും കോവിഷീല്‍ഡ് വാക്‌സിന്‍ തന്നെ ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഗോളതലത്തില്‍ 108 പേര്‍ ഒമൈക്രോണ്‍ ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, കേരള, തമിഴ്‌നാട്, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണ്. ഇവിടെ കോവിഡ് കേസുകള്‍ ഉയരുകയാണ്. രാജ്യത്തെ 28 ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ എട്ടുദിവസത്തിനിടെ കോവിഡ് കേസുകളില്‍ 6.3 മടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 29ന് 0.79 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇത് ഇന്ന് 5.03 ശതമാനമായി ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു. ഒമൈക്രോണിനെ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള ആര്‍ടി- പിസിആര്‍ പരിശോധനാകിറ്റ് വികസിപ്പിച്ചു. ടാറ്റയുമായി സഹകരിച്ച് ഐസിഎംആര്‍ വികസിപ്പിച്ച കിറ്റിന് ഡിസിജിഐ അനുമതി നല്‍കിയതായും ഡോ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates