ഹോം ഐസൊലേഷന്‍ ആര്‍ക്കെല്ലാം? രോഗലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരും ചെയ്യേണ്ടത് എന്ത്? മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2022 04:27 PM |
Last Updated: 05th January 2022 04:27 PM | A+A A- |

പിടിഐ ചിത്രം
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പോസിറ്റീവായ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം ഉള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കുമുള്ള ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശമാണ് പുതുക്കിയത്. കോവിഡ് പോസിറ്റിവായി ഏഴുദിവസം കഴിഞ്ഞാല്‍ ഇവര്‍ക്ക് ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. തുടര്‍ച്ചയായി മൂന്ന് ദിവസം പനി അനുഭവപ്പെടാത്തവര്‍ക്കാണ് ഇതിന് അനുമതിയുള്ളത്.
മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രോഗലക്ഷണങ്ങളില്ലാത്തവര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതില്ല. വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ് ഇവര്‍ ആരോഗ്യനില നിരീക്ഷിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവരാണെന്നും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും നിര്‍ണയിക്കേണ്ടത് മെഡിക്കല്‍ ഓഫീസര്‍മാരാണ്. ജില്ല, സബ് ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ നമ്പര്‍ രോഗബാധിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറണം. പരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായി മാര്‍ഗനിര്‍ദേശം നല്‍കാനാണിത്. വീട്ടില്‍ ഹോം ഐസൊലേഷനില്‍ കഴിയാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം.
രോഗിക്ക് ആവശ്യമായ സേവനം ഉറപ്പാക്കാന്‍ ഒരാള്‍ എപ്പോഴും ഉണ്ടായിരിക്കണം. അത്തരക്കാര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കുന്നതാണ് ഉത്തമം. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ തീരുമാനിക്കേണ്ടത് മെഡിക്കല്‍ ഓഫീസര്‍മാര്‍ ആയിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഇവരുടെ ആരോഗ്യനില വിലയിരുത്തി വേണം ഹോം ഐസോലേഷന്‍ നിര്‍ദേശിക്കാന്‍. 60 വയസ് കഴിഞ്ഞ മറ്റു അനുബന്ധ രോഗങ്ങള്‍ അലട്ടുന്നവരുടെ കാര്യത്തിലും ഈ രീതിയാണ് പിന്തുടരേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കാണ് ഈ മാര്‍ഗനിര്‍ദേശം.